ഹൈദരാബാദ്: തെലങ്കാനയിൽ ഗോത്രവനിതയ്‌ക്ക് നേരെയുണ്ടായ ആൾക്കൂട്ട വിചാരണയിൽ നാല് പേർ പിടിയിൽ. മോഷണക്കുറ്റം ആരോപിച്ചാണ് 27കാരിയായ സ്ത്രീയെ ആൾക്കൂട്ട വിചാരണയ്‌ക്ക് വിധേയമാക്കിയത്. ഇവരുടെ സഹോദരിയടക്കമുള്ളവർ മർദ്ദിക്കുകയും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളകുപൊടിയിടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ യുവതിയുടെ സഹോദരിയടക്കം നാല് പേർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിലെ ചെഞ്ചു ഗോത്രവിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്നിടത്താണ് ദാരുണ സംഭവം നടന്നത്. രണ്ടാഴ്ച മുമ്പാണ് യുവതി ആൾക്കൂട്ട വിചാരണ നേരിട്ടത്. ഇതിന്റെ വീഡിയോ ഇന്നലെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.
മോഷണക്കുറ്റം ആരോപിച്ച് സഹോദരിയും ഇവരുടെ ഭർത്താവും നാട്ടുകാരിൽ ചിലരും യുവതിയെ മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യുവതിയുടെ വസ്ത്രങ്ങൾ അഴിക്കാനും ചിലർ ശ്രമിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. മറ്റൊരു ദിവസം സാരിയിൽ ഡീസലൊഴിച്ച് കത്തിക്കാൻ ശ്രമിച്ചിരുന്നതായും യുവതി പറഞ്ഞു. വനവാസി അവകാശ സംരക്ഷണ പ്രവർത്തകർ വിവരം പുറത്തറിയിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.















