പട്ന: UGC NET പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തിന് നേരെ ആക്രമണം. ബിഹാറിലെ നവാദ ജില്ലയിലുള്ള കാസിയാദിനിൽ എത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥരുടെ സംഘത്തെ ഗ്രാമവാസികൾ ആക്രമിച്ചത്. സിബിഐ ഉദ്യോഗസ്ഥരാണെന്ന് ചമഞ്ഞ് മറ്റേതോ സംഘമെത്തിയതാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
UGC NET ചോദ്യ പേപ്പർ ചോർച്ച കേസിൽ പ്രതികളെ അന്വേഷിച്ചെത്തിയതായിരുന്നു ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം. പ്രതികളുടെ ഫോൺ നമ്പറിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ബിഹാറിലെ രജൗലിയിൽ എത്തുകയായിരുന്നു. എന്നാൽ തട്ടിപ്പുസംഘമാണെന്ന് കരുതിയ ഗ്രാമവാസികൾ സിബിഐ സംഘത്തെ ആക്രമിച്ചു. സംഭവമറിഞ്ഞെത്തിയ രജൗലി പൊലീസാണ് നാട്ടുകാരെ നിയന്ത്രിച്ചത്.
UGC NET പരീക്ഷ ജൂൺ 18നായിരുന്നു നടന്നത്. ഇതിന് തൊട്ടടുത്ത ദിവസം തന്നെ പരീക്ഷ റദ്ദാക്കുകയായിരുന്നു. പരീക്ഷയ്‌ക്ക് 48 മണിക്കൂർ മുന്നോടിയായി ചോദ്യ പേപ്പർ ചോർന്നിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഡാർക്ക് വെബ്ബിൽ നിന്നും 40-50 ലക്ഷം രൂപ കൊടുത്തായിരുന്നു പരീക്ഷാർത്ഥികളുടെ മാതാപിതാക്കൾ ചോദ്യ പേപ്പർ വാങ്ങിയതെന്നും സിബിഐ കണ്ടെത്തി.