അത്ഭുതപ്പെടുത്തി ‘സ്‌പേസ് പൊട്ടറ്റോ’; ചൊവ്വയുടെ സ്വന്തം ചന്ദ്രന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് നാസ

Published by
Janam Web Desk

പ്രപഞ്ചത്തിലെ അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങൾ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പലപ്പോഴും സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവയ്‌ക്കാറുണ്ട്. ബഹിരാകാശ ലോകത്തെ അത്ഭുതങ്ങളെ കാത്തിരിക്കുന്നവരെ നാസ ഒരിക്കലും മടുപ്പിക്കാറുമില്ല. അത്തരത്തിൽ കഴിഞ്ഞ ദിവസം പങ്കുവച്ച ‘സ്‌പേസ് പൊട്ടറ്റോ’യുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലായിരിക്കുന്നത്.

മാർസ് റിക്കണൈസൻസ് ഓർബിറ്റർ സ്‌പേസ്‌ക്രാഫ്റ്റിലുള്ള ‘ഹിരിസെ’ ക്യാമറ ഉപയോഗിച്ചാണ് ഫോബോസിന്റെ ഈ അത്യപൂർവ്വമായ ചിത്രം പകർത്തിയിരിക്കുന്നത്. ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളിൽ ഒന്നാണ് ഫോബോസിന്റെ ചിത്രമാണിത്. 27 : 22 : 18 കിലോമീറ്റർ വ്യാസമുള്ള ഫോബോസ് ആണ് ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം. വലിപ്പം കൊണ്ട് ചെറുതായതിനാൽ ഇവിടെ ഗുരുത്വാകർഷണം ഇല്ല. ഓരോ നൂറുവർഷത്തിലും ആറടി അതായത് 1.8 മീറ്റർ എന്ന കണക്കിൽ ഫോബോസ് ചൊവ്വയ്‌ക്ക് അടുത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഈ നിലയിൽ മുന്നോട്ട് പോവുകയാണെങ്കിൽ 50 ദശലക്ഷം വർഷത്തിനുള്ളിൽ ഫോബോസും ചൊവ്വയും കൂട്ടിയിടിക്കുകയും, ഫോബോസ് തകർന്ന് പോവുകയോ ചെയ്‌തേക്കാമെന്നാണ് നാസ പറയുന്നത്. ബ്രൗണിഷ്-റെഡ് നിറത്തിലാണ് ഇത് കാണപ്പെടുന്നത്. ഫോബോസിന്റെ വലതുവശത്തായി വലിയൊരു ഗർത്തമുള്ളതായും കാണാൻ സാധിക്കും. ദിവസത്തിൽ മൂന്ന് തവണയാണ് ഫോബോസ് ചൊവ്വയെ പരിക്രമണം ചെയ്യുന്നത്.

ഫോബോസിന് പുറമെ ഡീമോസ് എന്ന ഉപഗ്രഹവും ചൊവ്വയ്‌ക്കുണ്ട്. അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ അസഫ് ഹാളാണ് 1877ൽ ഫോബോസും, ഡീമോസും കണ്ടെത്തുന്നത്. ഗ്രീക്ക് ഐതിഹ്യത്തിൽ നിന്നാണ് ഫോബോസിന്റെ ഉത്ഭവം. ഭയം എന്നാണ് ഈ പദത്തിന്റെ അർത്ഥം. -4 ഡിഗ്രി സെൽഷ്യസാണ് ഫോബോസിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനില. -112 ഡിഗ്രി സെൽഷ്യസ് ആണ് കുറഞ്ഞ താപനില. ഉപരിതലത്തിലുള്ള പൊടിയുടെ ഫലമായിട്ടാണ് ഇവിടെ ചൂട് നിലനിർത്താൻ സാധിക്കാത്തത് എന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

 

 

 

 

Share
Leave a Comment