മലയാള സിനിമ പ്രവർത്തകരുടെ സംഘടനയായ അമ്മ പുതിയ ഭാരവാഹികൾക്കായുള്ള തിരഞ്ഞെടുപ്പ് ചൂടിലാണ്. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് നടൻ മോഹൻലാലും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണിമുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണ് നടൻ ടിനി ടോം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംഘടനയ്‌ക്കുള്ളിലെ മത്സരച്ചൂടിനെ പറ്റി താരം തുറന്നു പറഞ്ഞത്.
“കഴിഞ്ഞ തവണ മത്സരിച്ചവരിൽ വലിയ ഭൂരിപക്ഷം കിട്ടി വിജയിച്ച ചിലരിൽ ഒരാളാണ് ഞാൻ. ആറുവർഷമായി പ്രവർത്തിക്കുന്നു. ഇടവേള ബാബുവും ബാബുരാജും പറഞ്ഞിട്ടാണ് ഇത്തവണയും മത്സരിക്കുന്നത്. എനിക്ക് അവകാശമുണ്ടെങ്കിൽ അംഗങ്ങൾ വിജയിപ്പിക്കട്ടെ. 506 മെമ്പേഴ്സ് ഉണ്ട് അമ്മ സംഘടനയിൽ. അനുയോജ്യരായ ആളുകളെ അവർ തിരഞ്ഞെടുക്കട്ടെ. ഇതിൽ ലാലേട്ടൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാണ്. ഉണ്ണി മുകുന്ദനെതിരെ നടൻ അനൂപ് ചന്ദ്രൻ നോമിനേഷൻ കൊടുത്തിരുന്നു. പക്ഷേ തള്ളിപ്പോയി.
“ലാലേട്ടൻ നിൽക്കുന്നു എന്നു പറഞ്ഞാൽ ആരും എതിര് നിൽക്കാൻ പോകുന്നില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഇടവേള ബാബു ചേട്ടന് കുറച്ച് ഇടവേള ആവശ്യമാണ്. അദ്ദേഹത്തിന്റെ ആരോഗ്യവും പോലും മോശമായി. ശരിക്കും പറഞ്ഞാൽ പട്ടിപ്പണി ചെയ്യുന്ന ഒരാളാണ്. ഇത്തവണ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് സിദ്ദിഖ്, ഉണ്ണി ശിവപാൽ, കുക്കൂ പരമേശ്വരൻ എന്നിവരാണ്. മമ്മൂക്കയ്‌ക്ക് സ്ഥാനമാനങ്ങളോട് താല്പര്യം ഇല്ല. അതാണ് മത്സരിക്കാത്തത്. ഒരു സ്ഥാനത്തിനു വേണ്ടിയും അദ്ദേഹം അങ്ങോട്ട് ചെല്ലാറില്ല. അദ്ദേഹത്തെ തേടി സ്ഥാനങ്ങൾ ഇങ്ങോട്ട് വരികയാണ്”-ടിനി ടോം പറഞ്ഞു.















