ന്യൂഡൽഹി: കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ കോൺഗ്രസ് പാലിക്കുന്ന മൗനത്തിനെതിരെ ബിജെപി. 56 പേരുടെ ജീവനെടുത്ത വ്യാജമദ്യ ദുരന്തത്തിൽ ഡിഎംകെ സർക്കാരിനെതിരെ ഒരക്ഷരം ശബ്ദിക്കാതിരിക്കുന്ന കോൺഗ്രസ് നേതൃത്വം മൗനം വെടിയണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി നദ്ദ ആവശ്യപ്പെട്ടു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിലാണ് നദ്ദ ഇക്കാര്യം വ്യക്തമാക്കിയത്.
കള്ളക്കുറിച്ചി ദുരന്തം ‘സർക്കാർ സ്പോൺസേർഡ്’ കൊലപാതകമാണെന്നും ഡിഎംകെ സർക്കാരിനെതിരെ നദ്ദ വിമർശിച്ചു. മനുഷ്യനിർമിത ദുരന്തമാണിത്. സ്റ്റാലിൻ സർക്കാരിന് കീഴിൽ മദ്യമാഫിയ സ്വൈര്യവിഹാരം നടത്തുകയാണെന്നതിന്റെ തെളിവാണ് കള്ളക്കുറിച്ചി ദുരന്തം. മദ്യമാഫിയയെ പിടിച്ചുകെട്ടിയിരുന്നെങ്കിൽ 56 പേരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ഖാർഗെയ്ക്ക് എഴുതിയ കത്തിൽ നദ്ദ വ്യക്തമാക്കുന്നു.
ഇത്ര വലിയൊരു വിപത്ത് സംഭവിച്ചിട്ടും ഖാർഗെ നയിക്കുന്ന കോൺഗ്രസ് പാർട്ടി നിശബ്ദത പാലിക്കുന്നുവെന്നത് വലിയ ഞെട്ടലുളവാക്കുന്നതാണ്. ഈയൊരു സാഹചര്യത്തിൽ ബിജെപിയും, ഈ രാജ്യം മുഴുവനും, കോൺഗ്രസിനോട് ശബ്ദമുയർത്താൻ ആവശ്യപ്പെടുകയാണെന്ന് നദ്ദ പറഞ്ഞു. കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ സിബിഐയ്‌ക്ക് അന്വേഷണം കൈമാറാനും എക്സൈസ് മന്ത്രി സ്ഥാനത്ത് നിന്ന് മുത്തുസ്വാമിയെ പുറത്താക്കാനും ഇൻഡി സഖ്യത്തിലുള്ള ഡിഎംകെ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് കോൺഗ്രസിനോട് നദ്ദ ആവശ്യപ്പെട്ടു.
തമിഴ്നാട് സർക്കാരിനെതിരായ പ്രതിഷേധത്തിൽ പങ്കുചേരാൻ രാഹുലിനോടും പ്രിയങ്കയോടും ആവശ്യപ്പെടണമെന്നും കത്തിൽ നദ്ദ ഉന്നയിച്ചു. കള്ളക്കുറിച്ചി ദുരന്തത്തിൽ ഇരകളായവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ രാഹുലും പ്രിയങ്കയും തയ്യാറാവണം. അതുമല്ലെങ്കിൽ ദുരന്തത്തിലേക്ക് വഴിവച്ച സർക്കാരിന്റെ പിടിപ്പുകേടിനെതിരെ ശബ്ദമുയർത്തണം. പാർലമെന്റിൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്‌ക്ക് മുന്നിൽ കറുത്ത റിബൺ ധരിച്ച് പ്രതിഷേധം രേഖപ്പെടുത്താൻ കോൺഗ്രസ് നേതാക്കളെ ക്ഷണിക്കുകയാണെന്നും നദ്ദ വ്യക്തമാക്കി.