മലയാളി സീരിയൽ പ്രേക്ഷകരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ടിവി പരമ്പരയായിരുന്നു കടമറ്റത്ത് കത്തനാർ. സംവിധായകൻ സുരേഷ് ബാബുവും അദ്ദേഹത്തിന്റെ സഹോദരൻ ടി എസ് സജിയും ചേർന്നാണ് ഈ മെഗാ പരമ്പര ഒരുക്കിയത്. സീരിയലിന്റെ വിജയത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഇതേ പേരിൽ സിനിമ പുറത്തിറക്കാനും ടി എസ് സുരേഷ് ബാബു തീരുമാനിച്ചിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ആ പ്രൊജക്റ്റ് വേണ്ട എന്ന് വെച്ചു. അതിന്റെ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കത്തനാർ സീരിയൽ എനിക്ക് ഒരു എക്സ്പീരിയൻസ് ആയിരുന്നു. ടെക്നിക്കിൽ അഡ്വാൻസായി. സിജി-ഗ്രാഫിക്സ് വർക്കുകൾ കത്തനാലിൽ ഹൈലൈറ്റ് ആയിരുന്നു. അന്ന് അത് ചെയ്തതുകൊണ്ട് ഇപ്പോൾ അതൊരു പ്രശ്നമല്ല. ഇടതുകൈ കൊണ്ട് ചെയ്യുന്നതുപോലെ ചെറിയൊരു കാര്യം മാത്രമെ ആ സീരിയലുകൾ ചെയ്യുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളൂ. എന്റെ സഹോദരൻ കൂടി എനിക്കൊപ്പം കത്തനാർ സീരിയലിൽ വർക്ക് ചെയ്തിരുന്നു. സിനിമയാക്കി കഴിഞ്ഞാൽ വെറും 10 മണിക്കൂറിൽ തീരുന്ന കഥ മാത്രമേ ഉണ്ടായിരുന്നുള്ളൂ കത്തനാർ. ഒരുപാട് എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുന്നതിന് കഥയെഴുതാൻ നാലു പേരെയാണ് നിയോഗിച്ചത്”.
“മമ്മൂക്കയെ വെച്ച് കത്തനാർ സിനിമയാക്കാൻ ഒരു പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ രണ്ടു പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒന്ന്, മിനിമം 100 കോടി എങ്കിലും വേണം. രണ്ട്, പൂർണ്ണമായും ത്രീഡിയിൽ ചെയ്യണം. അതുമാത്രമല്ല എന്റെ സീരിയൽ ഹിറ്റാണ്. അതിനു മുകളിൽ പോകണം സിനിമ. അമിതാഭ് ബച്ചനെയായിരുന്നു മമ്മൂക്കയുടെ അച്ഛനായി കാസ്റ്റ് ചെയ്തത്. തമിഴ് നടൻ അർജുനെ കൊടുമൺ പോറ്റിയായും. ചട്ടയും മുണ്ടും നമ്പൂതിരി കുടുംബവും. തനി കേരള സ്റ്റൈലിൽ ആയിരിക്കും സിനിമ. അതുകൊണ്ടുതന്നെ ചിത്രം അതിർത്തി കടക്കില്ല. അതും ഒരു റിസ്ക്കായിരുന്നു. കോട്ടയം കുഞ്ഞച്ചൻ എന്ന ഹിറ്റ് ചിത്രം പോലും കളിയക്കാവിള കടന്നിട്ടില്ല”- പി എസ് സുരേഷ് ബാബു പറഞ്ഞു.