അബുദബി: സാമ്പത്തിക, സാംസ്‌കാരിക, വാണിജ്യരംഗങ്ങളിലെ ഇന്ത്യ- യുഎഇ ബന്ധം കൂടുതൽ ശക്തമാക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ യുഎഇയിൽ. ഊഷ്മളമായ വരവേൽപ്പാണ് കേന്ദ്രമന്ത്രിക്ക് ലഭിച്ചത്. യുഎഇ വിദേശകാര്യ, അന്താരാഷ്‌ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി
ഉഭയകക്ഷി സഹകരണത്തിലെ വിവിധമേഖലകളെക്കുറിച്ച് ഇരുകൂട്ടരും ചർച്ച ചെയ്തു. സമഗ്ര സാമ്പത്തിക- പങ്കാളിത്ത കരാറും ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര പങ്കാളിത്തവും ചർച്ചയായി. ആഗോള വിഷയങ്ങളും വിവിധ പ്രദേശിക വിഷയങ്ങളും ചർച്ച ചെയ്‌തെന്നും കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു. അബുദാബി- ലൂവ്റ് മ്യൂസിയത്തിൽ നടന്ന അന്താരാഷ്‌ട്ര യോഗാദിനാചരണത്തിലും അദ്ദേഹം പങ്കെടുത്തു.
വിവിധ രാജ്യങ്ങളിൽ നിന്നും സംസ്‌കാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് പേരാണ് ഇവിടെ ഒത്തുകൂടിയിരുന്നത്. അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രവും ഡോ. എസ്. ജയ്ശങ്കർ സന്ദർശിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തവും ദൃഢവുമാണ്. ഇരുരാജ്യങ്ങളുടെയും വ്യാപാരത്തിൽ ഗണ്യമായ പുരോഗതിയുണ്ടായെന്ന് മാത്രമല്ല കൂടുതൽ മേഖലകളിലേക്ക് സഹകരണം ശക്തിപ്പെടുത്തുകയും ചെയ്തു. 5 വർഷത്തിനകം ഇന്ത്യയും യുഎഇയിലും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറാക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.













