തിരുവനന്തപുരം: കളയിക്കാവിളയിൽ ക്വാറിയുടമ ദീപു കൊല്ലപ്പെട്ട സംഭവത്തിൽ പണം ആവശ്യപ്പെട്ട് അജ്ഞാതർ നിരന്തരം ഫോൺ വിളിക്കുമായിരുന്നുവെന്ന് ഭാര്യയും മകനും. 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ദീപുവിനെ പലരും വിളിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ ആരാണെന്ന് വെളിപ്പെടുത്താത്ത ഫോൺ കോളുകളായിരുന്നു വന്നിരുന്നതെന്നും കുടുംബം പറഞ്ഞു. പണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്വദേശിയുമായി തർക്കം നിലനിന്നിരുന്നു. ഇയാളുടെ ഭൂമി അറ്റാച്ച് ചെയ്തിരുന്നുവെന്നും ആ കേസ് കോടതിയിലാണെന്നും ഭാര്യ പറയുന്നു.
ഇന്നലെ വൈകുന്നേരം ആറരയോടെയാണ് 10 ലക്ഷം രൂപയുമായി ദീപു വീട്ടിൽ നിന്ന് കോയമ്പത്തൂരിലേക്ക് യാത്രതിരിച്ചത്. പട്രോളിംഗിനിറങ്ങിയ പൊലീസാണ് രാത്രി 11 മണിയോടെ ദീപുവിനെ കാറിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്നും ഒരാൾ ഇറങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരികയാണെന്നും പ്രതിയെ ഉടനടി കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.
മുക്കുന്നി മലയിലാണ് ദീപുവിന് ക്വാറി യൂണിറ്റുള്ളത്. എന്നാൽ നിലവിൽ യൂണിറ്റ് പ്രവർത്തിക്കുന്നില്ല. ഇത് അടുത്ത മാസം തുറക്കാനിരിക്കുകയായിരുന്നു. ക്വാറി തുറന്നു പ്രവർത്തിക്കുമ്പോൾ ജെസിബി വാങ്ങണമെന്നും ദീപു പറഞ്ഞിരുന്നുവെന്നും ഇതിന്റെ ആവശ്യങ്ങൾക്കായാണ് തമിഴ്‌നാട്ടിലേക്ക് പോകാൻ തീരുമാനിച്ചതെന്നും കുടുംബം പറഞ്ഞു.















