ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പാർലമെന്റ് ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച നടന്ന വിവരം എക്സിലൂടെയാണ് മോഹൻ യാദവ് അറിയിച്ചത്. ഒരാഴ്ചയ്‌ക്കിടെ അമിത് ഷായുമായി മോഹൻ യാദവ് നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.
കഴിഞ്ഞ 20-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയരുന്നു. സംസ്ഥാനത്തെ കെൻ- ബേത്വ നദീസംയോജന പദ്ധതിയെക്കുറിച്ചായിരുന്നു അന്ന് ചർച്ച നടത്തിയത്. പദ്ധതികളുടെ ഉദ്ഘാടനത്തിന് തറക്കല്ലിടാനായി അദ്ദേഹം പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്.
കേന്ദ്ര ടെക്‌സ്റ്റൈൽസ് മന്ത്രി ഗിരിരാജ് സിംഗുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദർശനമെന്നാണ് ഇരു കൂടിക്കാഴ്ചകളെയും മോഹൻ യാദവ് വിശേഷിപ്പിച്ചത്. ബെൻ -കത്വ പദ്ധതിയുടെ തറക്കല്ലിടീലിനായി പ്രധാനമന്ത്രിയുടെ സമയം നേരത്തെ അദ്ദേഹം തേടിയിരുന്നു. ഇക്കാര്യവും സംസ്ഥാനത്തിലെ വിവിധ ക്ഷേമപദ്ധതികളുമാണ് അമിത് ഷായുമായുളള കൂടിക്കാഴ്ചയിൽ ചർച്ചയായതെന്നാണ് വിവരം.
മുഖ്യമന്ത്രി മോഹൻ യാദവിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് മന്ത്രിസഭാ യോഗം ചേർന്നിരുന്നു. യോഗത്തിൽ പൊതുജനങ്ങളുടെയും സംസ്ഥാനത്തിന്റെയും ക്ഷേമത്തിന് വേണ്ടിയുള്ള വിവിധ പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി പത്രപ്രസ്താവനയിലൂടെ സർക്കാർ അറിയിച്ചു.















