ആലപ്പുഴ: പരിശീലനം കഴിഞ്ഞെത്തിയ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നിയമനം റദ്ദാക്കി പിഎസ്‌സി. ആലപ്പുഴ കിടങ്ങറ സ്വദേശി രേഷ്മ എം രാജനാണ് ജോലി നഷ്ടമായത്. മറ്റൊരു ഉദ്യോഗാർത്ഥിയുടെ അവകാശവാദം അംഗീകരിച്ചുകൊണ്ട് പിഎസ്സി റാങ്ക് പട്ടിക പുനഃക്രമീരിച്ചപ്പോഴാണ് രേഷ്മയുടെ ജോലി നഷ്ടമായത്.
ഒന്നര വർഷത്തെ പരിശീലനം കഴിഞ്ഞെത്തിയപ്പോൾ കഷ്ടപ്പെട്ട് പഠിച്ച് നേടിയ ജോലി നഷ്ടമായതിന്റെ ദു:ഖത്തിലാണ് രേഷ്മ. മാർക്ക് കണക്കു കൂട്ടുന്നതിൽ പിഎസ്സിയുടെ ഭാഗത്ത് നിന്നുമുണ്ടായ പിഴവാണ് ജോലി നഷ്ടപ്പെടാനുണ്ടായ കാരണമെന്നാണ് രേഷ്മ പറയുന്നത്. മഹാരാഷ്‌ട്രയിലെ ഫോറസ്റ്റ് അക്കാദമിയിൽ നിന്നുമാണ് രേഷ്മ 18 മാസത്തെ പരിശീലനം പൂർത്തിയാക്കിയത്. ദേശീയ തലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി നാട്ടിലെത്തിയപ്പോഴാണ് ജോലി നഷ്ടമായ വിവരം അറിയുന്നത്.
എസി എസ് ടി വിഭാഗത്തിലുള്ള വിജ്ഞാപനത്തിലൂടെ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കാണ് രേഷ്മ പരീക്ഷ എഴുതിയത്. റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനവും ലഭിച്ചു. ആകെയുള്ള രണ്ട് ഒഴിവിൽ രണ്ടാമതായി നിയമനവും ലഭിച്ചിരുന്നു. എന്നാൽ, റാങ്ക് ലിസ്റ്റിലെ മൂന്നാം സ്ഥാനക്കാരൻ രണ്ടാം സ്ഥാനം തനിക്കാണെന്ന് അവകാശപ്പെട്ട് അഡ്മിനിസ്ടേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതോടെയാണ് ഉത്തരവ് രേഷ്മക്ക് എതിരായത്.
ഇതോടെ രേഷ്മ ഹൈക്കോടതിയിലും സുപ്രീം കോടയിയിലും അപ്പീൽ നൽകി. പരിശീലനം തുടരുവാനും സുപ്രീം കോടതിയുടെ തീരുമാനം കാത്തിരിക്കുവാനുമായിരുന്നു ഹൈക്കോടതി അറിയിച്ചത്. ഇതിനിടയിലാണ്, പിഎസ്‌സി റാങ്ക് പട്ടിക പുനഃക്രമീരിച്ച് രേഷ്മയുടെ നിയമനം റദ്ദാക്കിയത്. പിഎസ്‍സിയുടെ പിഴവാണ് തന്റെ ജോലി നഷ്ടപ്പെടാനുള്ള കാരണമെന്നാണ് രേഷ്മ പറയുന്നത്.















