ബെംഗളൂരു: കർണാടകത്തിൽ നന്ദിനി പാലിന് വില കൂട്ടി. ലിറ്ററിന് രണ്ട് രൂപയാണ് വർദ്ധിപ്പിച്ചത്. കർണാടക മിൽക്ക് ഫെഡറേഷന്റേതാണ് തീരുമാനം. ജൂൺ 26 മുതലാണ് പുതുക്കിയ നിരക്കിൽ പാൽ വില്പന നടത്തുന്നത്.
ഇതോടെ ഒരു ലിറ്റർ പാലിന്റെ വില 44 ആയാണ് ഉയർന്നത്. നേരത്തെ 42 രൂപയായിരുന്നു. കൂടാതെ അര ലിറ്റർ പാൽ പാക്കറ്റിൽ 50 എം എൽ പാൽ അധികമായി ഉണ്ടാകും. നിലവിൽ അര ലിറ്റർ നന്ദിനി പാലിന് 22 രൂപയാണ് നിരക്ക്. ഇനി മുതൽ, 550 എംഎൽ പാൽ 24 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. ഈ വില വർധന നന്ദിനിയുടെ മറ്റ് പാൽ ഉല്പന്നങ്ങൾക്കും ബാധകമാണ്.
ഇതിന് മുമ്പ് കഴിഞ്ഞ വർഷം ജൂലൈയിലാണ് കർണാടകയിൽ പാലിന്റെ വില കൂട്ടിയത്. ഒരു വർഷം തികയുമ്പോഴാണ് വീണ്ടും വില വർദ്ധിപ്പിച്ചത്. ലിറ്ററിന് മൂന്ന് രൂപയാണ് 2023-ൽ വർദ്ധിപ്പിച്ചത്.
ഇന്ധനവില വർദ്ധനവിന് പിന്നാലെയാണ് കർണാടകയിൽ പാലിന്റെ വിലയും കൂട്ടിയത്. പെട്രോൾ, ഡീസൽ എന്നിവയുടെ വിൽപ്പന നികുതി സംസ്ഥാന സർക്കാർ കഴിഞ്ഞ ആഴ്ചയാണ് വർദ്ധിപ്പിച്ചത്. പെട്രോളിന് 3 രൂപയും ഡീസലിന് 3.05 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ 99.83 രൂപയായിരുന്ന പെട്രോളിന്, ലിറ്ററിന് 102.83 രൂപയും 85.93 രൂപയായിരുന്ന ഡീസലിന് 88.98 രൂപയുമായി.