കോട്ടയം: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (26.6.2024) അവധി. അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് കോട്ടയം ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി അവധി പ്രഖ്യാപിച്ചത്.
ഇന്നലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ മണ്ണെടുപ്പിനും ഖനന പ്രവർത്തനങ്ങൾക്കും നിരോധനമുണ്ട്.
അതേസമയം, ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശക്തമായ കാറ്റിലും മഴയത്തും മരങ്ങളുടെ കൊമ്പ് ഒടിഞ്ഞു വീഴുന്നതിനും മരങ്ങൾ കടപുഴകി വീഴുന്നതിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.















