തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ പൊലീസ് കസ്റ്റഡിയിൽ. മലയം സ്വദേശിയാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായതെന്നാണ് സൂചന. കന്യാകുമാരി എസ്പി സുന്ദരവദനത്തിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീം അംഗങ്ങളാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ ആയതെന്നാണ് വിവരം. നഗരത്തിലെ അക്രമികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് പ്രതിയെന്നാണ് പൊലീസ് നൽകുന്ന സൂചന.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക. നഗരത്തിലെ തന്നെ മുൻപ് നടന്ന രണ്ട് കൊലക്കേസുകളിലും ഇയാൾ പ്രതിയാണെന്നാണ് കണ്ടെത്തൽ. കൊല്ലപ്പെട്ട ദീപുവിന് മൂക്കുന്നിമലയിലുണ്ടായിരുന്ന ക്വാറിയുടെ പ്രവർത്തനങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായാണ് വിവരം. കൂടാതെ നഗരത്തിലെ കൊട്ടേഷൻ സംഘങ്ങളിൽ ഉൾപ്പെട്ട ആളുകൂടിയാണിയാൾ എന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇയാൾ പ്രധാന പ്രതിയാണോ കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്.
ഇന്നലെ വൈകുന്നേരം ആറരയോടെയാണ് കളിയിക്കാവിളയിൽ കാറിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ ക്വാറി ഉടമയായ ദീപുവിനെ കണ്ടെത്തുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിൽ നിന്നും ഒരാൾ ഇറങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.