പ്രഭാസ് വേറിട്ട വേഷത്തിലെത്തുന്ന കൽക്കി 2898 എഡിയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ വൻ കുതിപ്പ്. ഇതുവരെ പത്ത് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. വിദേശത്തും അഡ്വാൻസ് ബുക്കിംഗിൽ വൻ വർദ്ധനവാണുള്ളത്. യുഎസിൽ മാത്രം ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുവെന്നാണ് റിപ്പോർട്ട്. 37 കോടിയിലധികം രൂപയാണ് അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം നേടിയിരിക്കുന്നത്.
റിലീസിന് ഒരു ദിവസം ബാക്കിനിൽക്കെയാണ് അഡ്വാൻസ് ബുക്കിംഗിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവരുന്നത്. അഡ്വാൻസ് ബുക്കിംഗിലൂടെ കളക്ഷൻ 50 കോടി കടക്കുമെന്നാണ് വിവരം. നിലവിൽ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സലാറിനേക്കാൾ രണ്ട് കോടി കൂടുതലാണ് കൽക്കി നേടിയിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷ പടാനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സയൻസ് ഫിക്ഷനും ഇന്ത്യൻ മിത്തോളജിയും ചേർത്ത് വമ്പൻ മേക്കിംഗിലാണ് സംവിധായകൻ നാഗ് അശ്വിൻ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം.
മഹാഭാരതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം വൈജയന്തി മൂവീസിന്റെ ബാനറിലാണ് നിർമിച്ചത്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് കൽക്കിയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.















