ന്യൂഡൽഹി: സിനിമയിൽ നിന്നും രാഷ്‌ട്രീയത്തിലേക്ക് ചുവടുമാറ്റി നിരവധി താരങ്ങൾ പാർലമെന്റിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ എംപി സ്ഥാനം സ്വന്തമാക്കിയ ബോളിവുഡ് താരങ്ങളാണ് ബിജെപിയുടെ കങ്കണാ റണാവത്തും എൽജെപിയുടെ ചിരാഗ് പാസ്വാനും. സ്പീക്കർ തെരഞ്ഞെടുപ്പിനായി ഇന്ന് പാർലമെന്റിലെത്തിയ ഇരുവരും പരസ്പരം അഭിവാദ്യം പറഞ്ഞ് കുശലം ചോദിച്ച് ചിരിക്കുന്ന രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
#WATCH | Union Minister Chirag Paswan and BJP MP Kangana Ranaut arrive at the Parliament. pic.twitter.com/ZZZk61z7d0
— ANI (@ANI) June 26, 2024
2011ലായിരുന്നു കങ്കണയും പാസ്വാനും ഒന്നിച്ചഭിനയിച്ച “മിലേ നാ മിലേ ഹം” എന്ന സിനിമ പുറത്തിറങ്ങിയത്. ബോക്സോഫീസിൽ വലിയ നേട്ടമുണ്ടാക്കാൻ സിനിമയ്‌ക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് സിനിമയിലേക്ക് തിരിച്ചുവരാനും ചിരാഗ് പാസ്വാൻ തയ്യാറായില്ല. എന്നാൽ ബോളിവുഡിൽ വൻ വിജയങ്ങൾ കീഴടക്കിയ നാളുകളായിരുന്നു കങ്കണയെ കാത്തിരുന്നത്. അഭിനേതാവ് എന്നതിന് പുറമേ സംവിധായിക എന്ന നിലയിലും കങ്കണ തിളങ്ങി. ദേശീയത താത്പര്യങ്ങൾക്കൊപ്പം സഞ്ചരിച്ചിരുന്ന താരം ഒടുവിൽ ബിജെപിയിൽ അംഗത്വമെടുക്കുകയും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംപിയാവുകയുമായിരുന്നു.
അച്ഛന്റെ പാത പിന്തുടർന്ന് രാഷ്‌ട്രീയത്തിൽ ചുവടുറപ്പിച്ച ചിരാഗ് പാസ്വാന്റെ പാർട്ടി – LJP (Ram Vilas)- ഇന്ന് എൻഡിഎയുടെ പ്രധാന ഘടകകക്ഷികളിൽ ഒന്നാണ്. മത്സരിച്ച അഞ്ച് സീറ്റുകളിലും വിജയിച്ചാണ് LJP എംപിമാർ പാർലമെന്റിലേക്ക് എത്തിയത്. നേരത്തെ പിതാവ് കൈകാര്യം ചെയ്തിരുന്ന അതേവകുപ്പിന്റെ (ഭക്ഷ്യ സംസ്കരണം) കേന്ദ്രമന്ത്രിയാണ് ഇന്ന് പാസ്വാൻ.