ന്യൂഡൽഹി: പിറന്നാൾ ആശംസകൾ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രധാനമന്ത്രിയിൽ നിന്നും ജന്മദിനാശംസകൾ സ്വീകരിക്കാൻ സാധിച്ചതിൽ താൻ അങ്ങേയറ്റം വിനയാന്വിതനാണെന്ന് സുരേഷ് ഗോപി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി നന്ദി അറിയിച്ചത്.
‘പ്രധാനമന്ത്രിയുടെ പ്രോത്സാഹനത്തിന്റെയും അംഗീകാരത്തിന്റെയും വാക്കുകൾ തന്നിൽ ആഴത്തിൽ പ്രതിധ്വനിക്കുന്നതായി സുരേഷ് ഗോപി പറഞ്ഞു. അർപ്പണബോധത്തോടും ദൃഢനിശ്ചയത്തോടും രാജ്യത്തെ സേവിക്കാനുള്ള പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വവും അശ്രാന്ത പരിശ്രമവും പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും വെളിച്ചമാണ് പകരുന്നത്. അങ്ങയോടൊപ്പമുള്ള യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. രാജ്യത്തിന് കൂടുതൽ അഭിവൃദ്ധിയും പുരോഗതിയും കെട്ടിപ്പടുക്കാൻ അങ്ങയോടൊപ്പം പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി മറുപടിയിൽ പറഞ്ഞു.
കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ പിറന്നാൾ ദിനമായിരുന്നു ഇന്ന്. 66-ാം പിറന്നാൾ തന്റെ സഹപ്രവർത്തകർക്കൊപ്പമാണ് സുരേഷ് ഗോപി ആഘോഷിച്ചത്. രാവിലെ പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം കേക്ക് മുറിച്ചിരുന്നു. രാവിലെ ആർകെ പുരം അയ്യപ്പ ക്ഷേത്രത്തിലും സുരേഷ് ഗോപി ദർശനം നടത്തി. പിറന്നാൾ ദിനത്തിൽ പാർലമെന്റിലാണ് സുരേഷ് ഗോപി കൂടുതല്‍ സമയം ചിലവഴിച്ചത്.