2022-ലെ ടി20 ലോകകപ്പ് സെമി ഫൈനൽ ഇന്ത്യൻ ആരാധകർക്ക് ഇന്നും ഓർമ്മയുണ്ടാകും. 10 വിക്കറ്റിനാണ് ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റത്. അതേ ഇംഗ്ലണ്ടാണ് ഇത്തവണത്തെ സെമിയിലും ടീം ഇന്ത്യയുടെ എതിരാളി. മത്സരത്തിന് മുന്നോടിയായി ഇന്ത്യയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ്. എന്താണ് കഴിഞ്ഞ തവണ സംഭവിച്ചതെന്ന് ഓർക്കുന്നുണ്ടോ എന്ന അടിക്കുറിപ്പോടെ ജോസ് ബട്ലറുടെ വിജയാഹ്ളാദം നടത്തുന്ന ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പങ്കുവച്ചിരിക്കുന്നത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യയെ അന്നത്തെ മത്സരം ഓർമ്മപ്പെടുത്തിയ ഇംഗ്ലണ്ടിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ആരാധകർ.
2023-ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ 100 റൺസിന് പരാജയപ്പെടുത്തിയത് ഇംഗ്ലണ്ട് ഓർക്കുന്നുണ്ടോയെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിഹാസത്തിന് ബിസിസിഐ ഇതുവരെയും മറുപടി നൽകിയിട്ടില്ല. എന്നാൽ പരിശീലകൻ രാഹുൽ ദ്രാവിഡ് വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ലെന്നും ഇപ്പോൾ സംഭവിക്കാൻ പോകുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നതെന്നും അത് മികച്ചതാക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Anyone know what happened last time? 🤔
🗓️ June 27
⏰ 3.30pm (UK)
🏟️ Guyana National Stadium#EnglandCricket | #ENGvIND pic.twitter.com/oNmHh7quAx— England Cricket (@englandcricket) June 24, 2024
“>
ഇന്ത്യൻ സമയം നാളെ രാത്രി 8 മണിക്കാണ് സെമി ഫൈനൽ. ഗയാനയിലെ പ്രോവിഡൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മഴ വില്ലനായേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. മത്സരത്തിന് റിസർവ്വ് ഡേ അനുവദിച്ചിട്ടില്ലെങ്കിലും 250 മിനിറ്റ് അധികസമയം ഐസിസി അനുവദിച്ചിട്ടുണ്ട്. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാൽ ഐസിസി നിയമപ്രകാരം സൂപ്പർ 8-ൽ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനലിൽ പ്രവേശിച്ച ടീം ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടും.
തയ്യാറാക്കിയത് ഗയാനയിൽ നിന്നും കെആർ നായർ