വയനാട്: മാനന്തവാടിയിൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ മാവോയിസ്റ്റുകളെ പ്രതിചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. യുഎപിഎ ചുമത്തിയാണ് കേസെടുത്തത്. തണ്ടർബോൾട്ടിനെ അപായപ്പെടുത്താനാണ് ബോംബ് സ്ഥാപിച്ചതെന്ന് കാണിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള സ്ഥലത്ത് നിന്നാണ് ബോംബ് കണ്ടെത്തിയത്. തണ്ടർബോൾട്ട് പട്രോളിംഗ് നടത്തുന്ന മേഖല കൂടിയാണിത്. കേരളത്തിൽ ഇതാദ്യമായാണ് ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തുന്നത്. കണ്ടെത്തിയ ബോംബ് സ്ഫോടനത്തിലൂടെയാണ് നിർവീര്യമാക്കിയത്. കണ്ണൂർ, വയനാട്, കോഴിക്കോട് ബോംബ് സ്‌ക്വാഡുകൾ എത്തിയാണ് നിർവീര്യമാക്കിയത്.
വനം വകുപ്പ് വാച്ചർമാർ ഫെൻസിംഗ് പരിശോധിക്കുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ചില വസ്തുക്കൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞത്. മാവോയിസ്റ്റുകളും തണ്ടർബോൾട്ടും നേരത്തെ ഏറ്റുമുട്ടിയ പ്രദേശമാണിത്.