ബിജെപി കേരളത്തിൽ ജയിക്കില്ല എന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് തൃശ്ശൂരിലെ ജയമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടത് വലതു മുന്നണികൾ ജനങ്ങളെ അടിമകളായി വിലകുറച്ചു കണ്ടുവെന്നും അതാണ് തന്റെ വിജയത്തിന് കാരണമായതെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി പ്രവർത്തകരുടെ ദീർഘനാളത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് തൃശ്ശൂരിൽ തന്നെ വിജയത്തിലേക്ക് എത്തിച്ചതെന്നും ജനം ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
“തൃശ്ശൂരിൽ ഞങ്ങളുടെ സഹസ്ഥാനാർത്ഥികൾ ആരെന്ന് അറിയുന്നതിന് മുമ്പ് തന്നെ ‘ഒരു കാരണവശാലും ബിജെപി ജയിക്കില്ല’ എന്ന പറച്ചിലുകൾ ഞങ്ങൾ കേൾക്കാൻ തുടങ്ങിയതാണ്. എതിർ സ്ഥാനാർത്ഥികൾ ആരാണെന്ന് പോലും നിശ്ചയിച്ചിട്ടില്ല, എന്നാലും ഞങ്ങൾ ജയിക്കില്ല എന്ന പ്രചാരണം ആയിരുന്നു. അതെന്ത് അരാഷ്‌ട്രീയമാണ്. ആ മുൻവിധിക്കെതിരെ തൃശ്ശൂരിലെ സാധാരണക്കാരായ ജനങ്ങൾ ഒത്തുചേർന്നു. അതാണ് ഈ വിജയം. ഞാൻ പ്രചാരണം നടത്തിയ ഒരിടത്തും മറ്റ് സ്ഥാനാർത്ഥികളുടെ പേരുകൾ പറഞ്ഞിട്ടില്ല. കഴിഞ്ഞ പത്തുവർഷമായി നിങ്ങൾ തിരഞ്ഞെടുത്ത അയച്ചവർ എന്തു ചെയ്തു? എത്ര ഗുണം ഉണ്ടായി? ജനങ്ങളെ സന്തോഷിപ്പിക്കുന്ന രീതിയിൽ പ്രവർത്തനം കാഴ്ചവെക്കും എന്നു മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ”.
“ജയിക്കില്ല എന്നു പറഞ്ഞവർ, ജയിപ്പിക്കില്ല എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ ഭൂരിപക്ഷം രണ്ട് ലക്ഷം ആയേനെ. ജനങ്ങളെ അവർ പ്രകോപിപ്പിക്കുകയായിരുന്നു. ജനങ്ങൾ രാഷ്ട്രീയ അടിമകളാണെന്ന് വിചാരിക്കരുത്. അവർക്ക് എപ്പോൾ വേണമെങ്കിലും മാറാം. രാഷ്‌ട്രീയത്തിൽ എന്തൊക്കെ പാടില്ല, അതൊക്കെ അവർ ചെയ്തു. തോറ്റതിന്റെ മതിയായ കാരണം കണ്ടെത്താതെ, ഞാൻ ജയിച്ചതിന്റെ കാരണം കണ്ടെത്തി നടക്കുകയാണ് അവർ. എന്റെ ജയം ജനങ്ങളുടെ തീരുമാനമാണ്. അതിനുവേണ്ടി എന്റെ പാർട്ടി പ്രവർത്തകർ കഴിഞ്ഞ ഒന്നരവർഷമായി ഒരുപാട് കഷ്ടപ്പെട്ടു. അതിനിടയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ പാർട്ടി പ്രവർത്തകർ അനുഭവിച്ചു. എല്ലാ ജില്ലകളിൽ നിന്നും പ്രവർത്തകർ എത്തി. ബിജെപിയുടെ അടിസ്ഥാന വോട്ടുകളിലേക്ക് നിഷ്പക്ഷരായ ഒരുപാട് ജനങ്ങളുടെ വോട്ടുകൾ പ്രവർത്തകർ കൊണ്ടെത്തിച്ചു”- സുരേഷ് ഗോപി പറഞ്ഞു.















