തിരുവനന്തപുരം: പ്രതിഫലമില്ലാതെ സേവനം ചെയ്യാനെത്തിയ ഇടത് സഹയാത്രികയായ മല്ലികാ സാരാഭായിക്ക് നൽകുന്നത് ലക്ഷങ്ങൾ. ശമ്പളമില്ലെന്ന വ്യവസ്ഥയോടെയാണ് കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലെ ചാൻസലറായി മല്ലികാ സാരാഭായിയെ ഇടത് സർക്കാർ നിയമിച്ചത്. എന്നാൽ വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തി രണ്ടു ലക്ഷം രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങി.
മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് ചാൻസലർ സർവകലാശാലയിൽ എത്തുന്നത്. ആ സമയത്തെ വിമാന ടിക്കറ്റ്, ഹോട്ടൽ വാടക ഉൾപ്പെടെ നൽകുന്നത് സർവകലാശാലയാണ്. ഇതിന് പുറമേയാണ് ഓണറേറിയം, ഓഫീസ് അവശ്യങ്ങൾക്ക് എന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ സർവകലാശാല രജിസ്ട്രാർ മുഖേന മല്ലിക സാരാഭായ് ആവശ്യപ്പെട്ടത്. ഇതിൽ രണ്ട് ലക്ഷം രൂപ നൽകാനുള്ള ഔദ്യോഗിക ഉത്തരവാണ് കഴിഞ്ഞ ദിവസം ഇറക്കിയത്. ഉത്തരവ് മുൻകാല പ്രാബല്യത്തോടു കൂടി നടപ്പാക്കുകയാണെങ്കിൽ അരക്കോടി രൂപ കൂടി സർക്കാർ അനുവദിക്കേണ്ടി വരും.
ഇഷ്ടക്കാരെ തിരുകി കയറ്റുന്നതിന്റെ ഭാഗമായാണ് മല്ലിക സാരാഭായ്‌ക്ക് ചാൻസലർ പദവി പിണറായി സർക്കാർ നൽകിയത്. ചാൻസർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കി കലാരംഗത്തെ പ്രമുഖ എന്നു പറഞ്ഞായിരുന്നു ഇടത് സഹയാത്രികയുടെ നിയമനം. പ്രശസ്ത നർത്തകി നൽകുന്ന സൗജന്യ സേവനം എന്ന രീതിയിലാണ് ഇതിനെ അവതരിപ്പിച്ചത്.
സാമ്പത്തിക പ്രതിസന്ധി കാരണം സർവകലാശാലയിലെ ജീവനക്കാരുടെ ശമ്പളം മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഇതിനിടയിൽ ചാൻസലർക്ക് വാരിക്കോരി പണം നൽകുന്നതിൽ ജീവനക്കാർ അമർഷത്തിലാണ്. ഉത്തരവിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിനും രംഗത്ത് വന്നിട്ടുണ്ട്.















