മൃഗസ്നേഹത്തിന് പേരു കേട്ടയാളാണ് ടാറ്റാ ഗ്രൂപ്പ് ചെയർമാനായ രത്തൻ ടാറ്റ. മനുഷ്യനെ പോലെ തന്നെ മൃഗങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്ന് ഒരിക്കൽകൂടി ഓർമ്മപ്പെടുത്തുകയാണ് അദ്ദേഹം. തെരുവുനായയ്ക്കായി രക്തദാനം നടത്താൻ അഭ്യർത്ഥിച്ചു കൊണ്ടുളള രത്തൻ ടാറ്റയുടെ സോഷ്യൽമീഡിയ പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
മുംബൈയിലെ അദ്ദേഹത്തിന്റെ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന നായ്ക്കുട്ടിക്ക് അടിയന്തരമായി രക്തം വേണമെന്നും മുംബൈ നഗരം സഹായിക്കണമെന്നുമാണ് അദ്ദേഹം പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. ഏഴ് മാസം പ്രായമായ നായയാണ് രക്തദാതാതവിനെ തേടുന്നത്. കടുത്ത പനിയും വിളച്ചയുമായാണ് ആശുപത്രിയിലെത്തിയത്. ദാതാവിന് വേണ്ട ആരോഗ്യ ഘടനയെ കുറിച്ചും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്. 1-8 വയസിനിടയിൽ പ്രായവും ഇരുപത്തഞ്ചോ അതിന് മുകളിലോ ഭാരവുമുള്ള നായകളെയാണ് തിരയുന്നത്. വാക്സിനേഷനുകൾ പൂർത്തികരിച്ചിരിക്കണമെന്നും കഴിഞ്ഞ ആറ് മാസത്തിനിടെ പനി പിടിപ്പെട്ടില്ലെന്നും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറയുന്നു. സഹായം അഭ്യർത്ഥിച്ച് കൊണ്ട് സ്റ്റോറിയായും നായയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
രത്തൻ ടാറ്റയുടെ മൃഗസ്നേഹത്തെ വിലമതിക്കുന്ന പോസ്റ്റിന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പണം കൊണ്ടല്ല, മനസ് കൊണ്ട് ധനികനാണ് രത്തൻ ടാറ്റയെന്നും അദ്ദേഹത്തിന് ഇത്രത്തോളം ചെയ്യാമെങ്കിൽ എന്തുകൊണ്ട് നമ്മൾക്ക് ചെയ്തുകൂടാ തുടങ്ങി നൂറുകണക്കിന് പേരാണ് കമൻ്റ് ചെയ്തിരിക്കുന്നത്.
മുംബൈയിൽ രാജ്യത്തെ ആദ്യത്തെ അത്യാധുനിക സ്മോൾ അനിമൽ ഹോസ്പിറ്റൽ ആരംഭിക്കുമെന്ന് ടാറ്റ ട്രസ്റ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 200-ലധികം കിടക്കകളും വിപുലമായ സംവിധാനങ്ങളുമുള്ള ആശുപത്രിയാകും നിർമിക്കുകയെന്നാണ് ടാറ്റാ ഗ്രൂപ്പ് അറിയിച്ചത്.