കല്യാണ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടി മീര നന്ദൻ. മെഹന്ദി ചടങ്ങിൽ പങ്കെടുക്കാൻ മലയാള സിനിമയിലെ താര സുന്ദരിമാരും എത്തിയിരുന്നു. അടുത്ത കൂട്ടുകാരായ ആൻ അഗസ്റ്റിൻ, നസ്രിയ നസിം, സൃന്ദ എന്നിവരെ മെഹന്ദി ചടങ്ങുകളിലെ ചിത്രങ്ങളിൽ കാണാം. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ ഉണ്ണി പി.എസ്., സജിത്ത് ആൻഡ് സുജിത്ത് എന്നിവരും എത്തിയിരുന്നു. മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങൾ താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
മെഹന്ദി ആഘോഷത്തിന് പിന്നാലെ ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വൈറലാകുന്നുണ്ട്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മീര നന്ദനും ഭാവി വരൻ ശ്രീജുവും ഹൽദി ആഘോഷിക്കുന്ന ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. മജന്ത കളറിലെ കുർത്തിയും ദുപ്പട്ടയുമായിരുന്നു മീര നന്ദൻ ധരിച്ചിരുന്നത്. വെള്ള ഷർവാണിയായിരുന്നു വരൻ ശ്രീജുവിന്റെ വേഷം. ഇരുവരും മഞ്ഞൾ തേച്ചിരിക്കുന്നതും സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.
കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. ലണ്ടനിൽ അക്കൗണ്ടന്റ് ആണ് ശ്രീജു. മാട്രിമോണി സൈറ്റുവഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം ഉറപ്പിക്കൽ.
ദിലീപ് നായകനായെത്തിയ മുല്ലയിലൂടെയാണ് മീര നന്ദന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് തെലുങ്കിലും കന്നഡയിലും താരം അഭിനയിച്ചു. 2017നുശേഷം ആറുവര്ഷത്തോളം മീര നന്ദൻ സിനിമയിൽ അഭിനയിച്ചിരുന്നില്ല. സിനിമയിൽ സജീവമല്ലാത്ത സമയം ദുബായിൽ ആർ ജെയായി പ്രവർത്തിക്കുകയായിരുന്നു താരം. 2023ൽ വർഷം പുറത്തിറങ്ങിയ ‘എന്നാലും ന്റളിയാ’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മീര എത്തിയിരുന്നു.