ന്യൂഡൽഹി: ഡൽഹിയിൽ വിവിധയിടങ്ങളിൽ കനത്ത മഴ. മഴയെ തുടർന്ന് രാജ്യതലസ്ഥാനത്ത് ശക്തമായ ഇടിമിന്നലും കാറ്റുമാണ് അനുഭവപ്പെടുന്നത്. അടുത്ത ഏഴ് ദിവസവും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
നാളെയും മറ്റന്നാളും രാജ്യതലസ്ഥാനത്ത് മിതമായതോ കനത്തതോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ താപനില 34 ഡിഗ്രി സെൽഷ്യസായി കുറയും. ജൂലൈ 1, 2 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തിൽ നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ നഗരത്തിലേക്കുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനാപകടങ്ങൾ ഉണ്ടാകുമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചു.