കണ്ണൂർ: ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ. ശിക്ഷായിളവിനായി പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. കേസിലെ ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികളാണ് അപ്പീൽ നൽകിയിരിക്കുന്നത്. ടിപി വധക്കേസിലെ പ്രതികളെ ജയിൽ മോചിതരാക്കാനുള്ള സർക്കാരിന്റെ നീക്കം പുറത്തുവന്ന് വലിയ വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
അനൂപ്, കീർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നീ 6 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചിരുന്നത്. 12 വർഷമായി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടി ശിക്ഷയിളവ് നൽകി ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ ആവശ്യം. വിചാരണക്കോടതി വെറുതെ വിട്ട കെ കെ കൃഷ്‌ണൻ, ജ്യോതിബാബു എന്നവരെയും ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.