പ്രഭാസിന്റെ കൽക്കി 2898 എഡി ഈ വാരം 500 കോടി കടക്കുമോ…? ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾക്ക് ശേഷം സിനിമാ മേഖലയിലെ ചർച്ചയാണിത്. ആദ്യ ദിന കളക്ഷനുകൾ പുറത്തുവരുമ്പോൾ യാഷ് നായകനായെത്തിയ കെജിഎഫിനെ കൽക്കി മറികടന്നുവെന്നാണ് വിവരം.
ആന്ധ്രയിലും തെലങ്കാനയിലും റിലീസിന് മുമ്പ് കൽക്കിയുടെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് വലിയ വാർത്തയായിരുന്നു. മുംബൈയിൽ റിലീസിന് മുമ്പ് അഡ്വാൻസ് ബുക്കിംഗ് നിരക്ക് -2,300 രൂപ വരെയായി ഉയർന്നിരുന്നു. ഡൽഹി- 1800 ഉം ഹൈദരാബാദിൽ -500 രൂപയുമൊക്കെയാണ് ഈ നിരക്ക്. മുംബൈയിൽ 100 മുതൽ 1100 രൂപ വരെയാണ് സാധാരണ അഡ്വാൻസ് ബുക്കിംഗ് നിരക്ക്. ഇതാണ് 2000 കടന്നത്.
ആദ്യ ദിനം മാത്രം 180 കോടിയാണ് ചിത്രം നേടിയത്. അവസാനം വരെ പ്രേക്ഷകരുടെ ആകാംക്ഷ ഒട്ടും കുറയ്‌ക്കാതെയാണ് നാഗ് അശ്വിൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡിന്റെ സൂപ്പർ താരം അമിതാഭ് ബച്ചന്റെ വരവ് തിയേറ്ററുകളിൽ ആവേശമായി. മുംബൈയിലുൾപ്പെടെ കളക്ഷൻ ഉയരാൻ ബച്ചന്റെ സാന്നിധ്യവും കാരണമായി എന്നാണ് വിലയിരുത്തൽ.
പ്രഭാസിന്റെ മാസ്മരിക പ്രകടനമാണ് ചിത്രത്തിൽ കാണാനാകുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങളും ഡയലോഗ് ഡെലിവറിയും ആകാംക്ഷ ഇരട്ടിയാക്കുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഇന്നലെ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ തിയേറ്ററുകൾക്ക് മുന്നിൽ ആരാധകരുടെ വമ്പൻ വിജയാഘോഷമാണ് ഉണ്ടായിരുന്നത്.
ഇന്ത്യൻ സിനിമാ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യവിരുന്നാണ് ചിത്രത്തിലുള്ളതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്ന കഥ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്നതാണ്. കാശി, കോംപ്ലക്സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.