CMRL കമ്പനി ചെലവുകൾ പെരുപ്പിച്ച് കാട്ടി; എക്സാലോജിക്കിന് നൽകിയ പണത്തിന്റെ സ്രോതസ്സിൽ വിശദമായ അന്വേഷണം വേണം: ഇഡി ഹൈക്കോടതിയിൽ

Published by
Janam Web Desk

കൊച്ചി: സിഎംആർഎൽ കമ്പനി ചെലവു കണക്കുകൾ പെരുപ്പിച്ചു കാട്ടിയെന്ന് ഇഡി ഹൈക്കോടതിയിൽ. എക്സാലോജിക്കിന് നൽകിയ പണത്തിന്റെ സ്രോതസ്സടക്കം വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. മാസപ്പടിക്കേസിൽ ഇഡി നടത്തുന്ന അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ സമർപ്പിച്ച ഹർജി കോടതി പരിഗണിക്കുന്നതിനിടെയാണ് അന്വേഷണ ഏജൻസി നിലപാടറിയിച്ചത്. മാസപ്പടിയുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കുന്നുവെന്നാണ് ഹർജിയിലെ ആരോപണം.

എക്സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണം വേണമെന്ന കാര്യം ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. സിഎംആർഎൽ കമ്പനിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. രഹസ്യ സ്വഭാവമുള്ളത് കൊണ്ട് പരാതിയുടെ വിശദാംശങ്ങൾ പുറത്ത് വിടാനാകില്ല. ഇസിഐആർ (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) ആഭ്യന്തര രേഖയാണ്, അതിനാൽ റദ്ദാക്കാനാകില്ലെന്നും
ഇസിഐആറിന്റെ പകർപ്പ് ഹർജിക്കാർക്ക് നൽകാനാകില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. സിഎംആർഎൽ ജീവനക്കാരുടെ ഹർജി അപക്വമെന്ന് ആവർത്തിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കമ്പനി ചെലവുകൾ പെരുപ്പിച്ചു കാട്ടിയെന്നും വീണാ വിജയന്റെ എക്സലോജിക്കിന് നൽകിയ പണത്തിന്റെ സ്രോതസ്സ് അടക്കം അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി. ഹർജിയിൽ തിങ്കളാഴ്ച വാദം തുടരും.

Share
Leave a Comment