ചെന്നൈയിൽ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു താളുകൂടി എഴുതി ചേർത്ത് ഇന്ത്യൻ താരങ്ങളായ ഷഫാലി വർമയും വൈസ് ക്യാപ്റ്റൻ സമൃതി മന്ദാനയും. ഒപ്പണിംഗ് വിക്കറ്റിൽ 292 റൺസിന്റെ റെക്കോർഡ് പാർടണർഷിപ്പാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യൻ സഖ്യം കുറിച്ചത്. വിൻഡീസിനെതിരെ 2004 ൽ പാകിസ്താൻ ജോടികളായ സാജിത ഷാ-കിരൺ ബലൂച്ച് എന്നിവർ നേടിയ 241 റൺസിന്റെ റെക്കോർഡാണ് പഴങ്കതയായത്.
വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കുട്ടുക്കെട്ടും ഇന്ന് പിറന്നതാണ്. മിതാലി രാജിന് ശേഷം ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന താരമായി ഷഫാലി മാറി. 22 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഒരു ഇന്ത്യൻ താരം ഇരട്ടശതകം കടക്കുന്നത്. 2002 ലായിരുന്നു മിതാലിയുടെ(214) നേട്ടം.
വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന 149 റൺസാണ് നേടിയത്. മന്ദാന വീണതോടെയാണ് കൂട്ടുക്കെട്ട് തകർന്നത്. 194 പന്തിലാണ് ഷഫാലി ഇരട്ടശതം കുറിച്ചത്. 205 റൺസുമായി 20-കാരി റണ്ണൗട്ടാവുകയായിരുന്നു. അഞ്ചാം ടെസ്റ്റ് മാത്രം കളിക്കുന്ന ഷഫാലി 23 ഫോറുകളും 8 കൂറ്റൻ സിക്സറുകളും അതിർത്തിവര കടത്തി.
ഇന്നത്തെ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 524 റൺസാണ് ഇന്ത്യ അടിച്ചുക്കൂട്ടിയത്.വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ദിവസം ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറുമാണ് ഇന്ന് ചെന്നൈയിൽ ഇന്ത്യ കുറിച്ചത്. 1935 ഇംഗ്ലണ്ട് വനിതകൾ നേടിയ 431/2 എന്ന റെക്കോർഡാണ് തിരുത്തിയത്.ശുഭ സതീഷ്(15),ജമീമ റോഡ്രിഗ്സ് (55) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഹർമൻ പ്രീത് കൗർ (42), റിച്ചാ ഘോഷ് (43) എന്നിവരാണ് ക്രീസിൽ. ഡെൽമി ടക്കറിന് രണ്ടുവിക്കറ്റും നാദീൻ ഡെ ക്ലെർക്കിന് ഒരു വിക്കറ്റും ലഭിച്ചു.