തിരുവനന്തപുരം: മണ്ണന്തലയിൽ ചായ വീണ് മൂന്ന് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ മുത്തച്ഛനെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച് പൊലീസ്. സംഭവം നടക്കുന്ന സമയത്ത് മുത്തച്ഛൻ വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. കുട്ടിയുടെ മുത്തച്ഛനായ ഉത്തമൻ വീടിന് പുറത്തുള്ള വെയിറ്റിംഗ് ഷെഡിൽ ഇരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തതോടെയാണ് ഇയാളെ വിട്ടയച്ചത്.
3 വയസുകാരന്റെയും മാതാപിതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉത്തമനെ അറസ്റ്റ് ചെയ്തത്. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ ഉത്തമൻ നിഷേധിച്ചിരുന്നു. കുട്ടിയുടെ ദേഹത്ത് അബദ്ധത്തിൽ ചായ വീണതാകാമെന്നും സംഭവം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നില്ലെന്നും ഇയാൾ പൊലീസനോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയത്. ഇതോടെ ഇയാളെ പൊലീസ് വിട്ടയക്കുകയായിരുന്നു.
ഈ മാസം 24നായിരുന്നു സംഭവം. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ് ചായ ഒഴിച്ചതെന്നായിരുന്നു കുടുംബം മൊഴി നൽകിയത്. മുത്തച്ഛൻ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും മൂന്നു വയസുകാരന്റെ പിതാവ് ആരോപിച്ചിരുന്നു. മൂന്ന് വയസുകാരൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇതോടെ കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തിൽ ചായ വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ എത്തിയിരിക്കുന്നത്.