പാലക്കാട്: പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ലഹരിമാഫിയ സംഘം പിടിയിൽ. ചെർപ്പുളശ്ശേരി എലിയമ്പറ്റ സ്വദേശികളായ ജൗഹർ, സെയ്തലവി, തൃശ്ശൂർ മുള്ളൂർക്കര സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്.
സംഭവത്തിൽ ലൈൻ ട്രാഫിക് എസ്ഐ മോഹൻദാസിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രതികളെ അതിസാഹസികമായി പിടികൂടിയതായും പൊലീസ് അറിയിച്ചു.
വടക്കഞ്ചേരി പൊലീസാണ് കഞ്ചാവും എംഡിഎംഎയും കടത്താൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടിയത്. അമിത വേഗത്തിൽ പോയ പ്രതികളുടെ കാർ മറ്റ് വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചിരുന്നു. ഇവരുടെ പക്കൽ നിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.