തൃശൂർ; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടിയുടെ സ്വത്ത് കണ്ടുകെട്ടിയതിനെക്കുറിച്ച് അറിയില്ലെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്. അന്തരീക്ഷത്തിൽ അങ്ങനെ ഒരു വാർത്തയുണ്ട്. അല്ലാതെ ഒരു വിവരവും കിട്ടിയില്ല എന്നായിരുന്നു എംഎം വർഗീസിന്റെ പ്രതികരണം.
സാധാരണ പാർട്ടി ജില്ലാ കമ്മിറ്റിയുടെ പേരിലും ജില്ലാ സെക്രട്ടറിയുടെ പേരിലും ആണ് സ്ഥലം വാങ്ങുക. വാർത്ത ശരിയാണെങ്കിൽ വേട്ടയാടലാണ് നടക്കുന്നത്. എന്താണെന്ന് അറിയട്ടെ. സംഭവിച്ച കാര്യം അറിയാതെ പ്രതികരിക്കുന്നത് ശരിയാകില്ല. വിഷയം വരുന്നതിന്റെ അടിസ്ഥാനത്തിലേ മുന്നോട്ടുപോകാനാകൂ. കേന്ദ്ര അന്വേഷണ ഏജൻസിയെ മുഴുവൻ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണ്. പ്രത്യേകിച്ച് കേരളത്തിൽ നമുക്കെതിരെ. കരുവന്നൂർ വിഷയമൊക്കെ ആ രീതിയിലാണ് വന്നതെന്ന വിചിത്രവാദവും എംഎം വർഗീസ് ഉന്നയിച്ചു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ പണം സിപിഎമ്മിന് ലഭിച്ചുവെന്ന് കരുതുന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ കണ്ടുകെട്ടിയെന്ന വാർത്ത ഇന്നലെ വൈകിട്ടാണ് പുറത്തുവന്നത്. ഇതുൾപ്പെടെ പത്ത് പ്രതികളുടെ 29 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ബാങ്കിന്റെ ശാഖ പ്രവർത്തിക്കുന്ന സ്ഥലം പൊറത്തിശ്ശേരിയിലെ സിപിഎം ലോക്കൽ കമ്മിറ്റിയുടെ ഉടമസ്ഥതയിലുളളതാണ്. ജില്ലാ സെക്രട്ടറിയെന്ന പേരിലാണ് ഇത് എംഎം വർഗീസിന്റെ പേരിൽ രജിസ്റ്റർ ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സിപിഎമ്മിന്റെ തൃശൂരിലെ 4.8 കോടി രൂപയുടെ നിക്ഷേപം ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. 2011 നും 2019 നും ഇടയിൽ 100 കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.