ബഹിരാകാശത്ത് കുടുങ്ങിയ ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മടങ്ങി വരവ് അനിശ്ചിതത്വത്തിൽ. പേടകം ഭൂമിയിലെത്താൻ മാസങ്ങളെടുക്കുമെന്നതിനാൽ ദൗത്യത്തിന്റെ കാലാവധി നീട്ടാൻ നാസ പദ്ധതിയിടുന്നുവെന്ന വിവരമാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്നത്.
45 ദിവസമായിരുന്നു ദൗത്യത്തിന്റെ കാലാവധി. ഇത് കഴിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ ദൗത്യം 45 ദിവസം കൂടി നീട്ടാൻ യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി നാസയുടെ കൊമേഴ്‌ഷ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് അറിയിച്ചതായാണ് റിപ്പോർട്ട്. തിരിച്ച് വരുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സ്റ്റാർലൈനർ പേടകത്തിൽ അഞ്ച് തവണ ഹീലിയം വാതകചോർച്ച ഉടലെടുത്തു, 28 ത്രസ്റ്ററുകളിൽ ചിലതിന് തകരാർ എന്നിവയാണ് നിലവിലെ പ്രശ്നം. സുരക്ഷിതമായി തിരികെയെത്താൻ 14 ത്രസ്റ്ററുകളെങ്കിലും ആവശ്യമാണ്. പേടകത്തിന് ഇത്രയേറെ കേടുപാടുകൾ സംഭവിച്ചത് എങ്ങനെയെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം സുനിതാ വില്യംസും ബുച്ച് വിൽമോറും നിലയത്തിലുള്ളവരുമായി ചേർന്ന് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. നിലയത്തിൽ ഇരുവരും സുരക്ഷിതരാണ്.
ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണ പറക്കലിന്റെ ഭാഗമായാണ് സുനിതാ വില്യംസും അമേരിക്കൻ ബഹിരാകാശ യാത്രികൻ ബുച്ച് വിൽമോറും ബഹിരാകാശത്തെത്തിയത്. പേടകത്തിൽ ഹീലിയം ചോർച്ചയും ത്രസ്റ്ററിൽ തകരാറും കണ്ടെത്തിയതിനെ തുടർന്ന് ഏറെ തവണ വിക്ഷേപണം മാറ്റിവച്ചിരുന്നു. ഇതിന് പിന്നാലെ ജൂൺ അഞ്ചിനാണ് ഇരുവരും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ഏഴിന് നിലയത്തിലെത്തി. 13-നാണ് മടക്കയാത്രയ്‌ക്ക് പദ്ധതിയിട്ടിരുന്നത്. എന്നാൽ പല കാരണങ്ങളാൽ മാറ്റിവച്ച് 26-ന് ആക്കിയെങ്കിലും ഇത് വീണ്ടും മുടങ്ങി.