ടി – 20 ലോകകപ്പ് കിരീടത്തിൽ ഇന്ത്യ മുത്തമിട്ടതിന് പിന്നാലെ വൈകരികമായ നിമിഷങ്ങൾക്കാണ് ബാർബഡോസിലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രോഹിത് ശർമ്മ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ള താരങ്ങളുടെ ആനന്ദക്കണ്ണീർ ആരാധകരെപ്പോലും വികാരാധീനരാക്കി.
കിരീടമുയർത്തിയപ്പോഴും ആവേശത്തിലായിരുന്നു താരങ്ങൾ. അർജന്റീനയുടെ ലോകകപ്പ് കിരീടനേട്ടം ടീം ഇന്ത്യ ബാർബഡോസിൽ പുനരാവിഷ്‌കരിച്ചു. കിരീടം ഏറ്റുവാങ്ങാൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി നടത്തിയ അതേ ആഘോഷമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും നടത്തിയത്. ജയ് ഷായിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങാനെത്തിയ രോഹിത് മെസിയെ അനുകരിച്ച് ചുവടുകൾ വെച്ചാണ് പോഡിയത്തിലേക്ക് എത്തിയത്. ട്രോഫി വാങ്ങിയ ശേഷമുളള ആഹ്ലാദ പ്രകടനത്തിലും സമാനതകൾ ഉണ്ടായിരുന്നു.
മെഡലുകളും ട്രോഫികളും വാങ്ങാനായി ഇന്ത്യൻ താരങ്ങൾ ഓരോരുത്തരായി വേദിയിലേക്ക് വരുമ്പോഴായിരുന്നു സംഭവം. വേദിയിലുണ്ടായിരുന്ന കുൽദീപ് യാദവ് ഇന്ത്യൻ നായകനെ മെസി മോഡൽ പഠിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഫുട്‌ബോൾ ലോകകപ്പിൽ ആദ്യമായി മുത്തമിട്ട അർജന്റൈൻ താരങ്ങളുടെ ആഹ്ലാദപ്രകടനം അന്ന് ലോകമെങ്ങും തരംഗമായിരുന്നു. അതിന്റെ ചുവടുപിടിച്ച് ഇന്ത്യൻ താരങ്ങൾ നടത്തിയ വിജയാഘോഷവും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
Kuldeep told Rohit to come in messi style , but Rohit is Rohit he came in ROHIT SHARMA style 🔥😭❤️❤️🇮🇳🇮🇳 pic.twitter.com/0PflsoJ6Rg
— Ꭵ丅ᗩᑕᕼᎥ 45 (@WorshipRohit) June 29, 2024
“>
ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് തോൽപ്പിച്ചാണ് രോഹിത് ശർമ്മയും സംഘവും രണ്ടാം ടി20 കിരീടം നേടിയത്. 2023 നവംബർ 19 ന് ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ നിന്ന് നിറകണ്ണുകളോടെയാണ് രോഹിത്തും കോലിയും ബുമ്രയുമെല്ലാം മടങ്ങിയത്. കയ്യിൽ നിന്ന് വഴുതിപ്പോയ ഏകദിന ലോകകപ്പ് കിരീടത്തിന് പകരമായി കരീബിയൻ മണ്ണിൽ നിന്ന് ടി20 കിരീടവും കൊണ്ടാണ് രോഹിത്തും സംഘവും ഇന്ത്യയിലേക്ക് എത്തുന്നത്.