കുവൈത്തിൽ റേഡിയോ പ്രോഗ്രാം ഹിന്ദിയിൽ; ഭരണകൂടത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Published by
Janam Web Desk

ന്യൂഡൽഹി: ഹിന്ദിയിൽ റേഡിയോ പരിപാടികൾ അവതരിപ്പിച്ച കുവൈത്ത് സർക്കാരിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയ സംസ്‌കാരവും പൈതൃകവും ലോകമെമ്പാടുമെത്തുന്നുവെന്നതിന്റെ തെളിവാണിത്. റേഡിയോ പരിപാടികൾ പരിപോഷിപ്പിക്കുന്നതിൽ പ്രശംസനീയായ ചുവടുവയ്പ്പാണ് കുവൈത്ത് ഭരണകൂടം നടത്തിയിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 111-ാം എപ്പിസോഡിലാണ് കുവൈത്ത് സർക്കാരിന്റെ പ്രത്യേക റേഡിയോ ഷോയെ കുറിച്ച് അദ്ദേഹം പരാമർശിച്ചത്.

” ഹിന്ദിയിലുള്ള പ്രത്യേക റേഡിയോ പരിപാടികൾക്ക് കുവൈത്ത് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നു. എല്ലാ ഞായറാഴ്ചകളിലും അര മണിക്കൂർ നേരം പരിപാടി സംപ്രേഷണം ചെയ്യും. ഭാരതീയ സംസ്‌കാരത്തിന്റെ വ്യത്യസ്ത നിറങ്ങൾ ഉൾക്കൊള്ളുന്ന പരിപാടികളായിരിക്കും റേഡിയോയിൽ അവതരിപ്പിക്കുക. ഇന്ത്യൻ സിനിമകളെ കുറിച്ചും, കലാരൂപങ്ങളെ കുറിച്ചുമെല്ലാം കുവൈത്തിൽ ഇനി ഹിന്ദിയിൽ ചർച്ചചെയ്യും.”- പ്രധാനമന്ത്രി പറഞ്ഞു.

കുവൈത്ത് സർക്കാർ ഹിന്ദിയിൽ സംപ്രേഷണം ചെയ്ത പരിപാടിയുടെ ചെറിയൊരു ഭാഗവും പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ പങ്കുവച്ചിരുന്നു. ഇന്ത്യ- കുവൈത്ത് നയതന്ത്രബന്ധത്തെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചയായിരുന്നു ക്ലിപ്പിലുണ്ടായിരുന്നത്. കുവൈത്തിലുള്ള ഇന്ത്യക്കാർ ഇത്തരം പരിപാടികൾക്ക് വളരെയധികം താത്പര്യം പ്രകടിപ്പിച്ചിരുന്നു. അവിടെയുള്ള ജനങ്ങളും റേഡിയോ ഷോകൾ ആസ്വദിക്കുന്നുണ്ട്. ഇത് നമ്മുടെ സംസ്‌കാരത്തെ ഉയർത്തിപ്പിടിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Share
Leave a Comment