ടി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടീം അംഗങ്ങളെയും രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളം ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനവും സ്‌പോർട്‌സ് മാൻ സ്പിരിറ്റുമാണ് കാഴ്ചവച്ചത്. താരങ്ങളുടെ പ്രതിബദ്ധത എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പരിശീലക സ്ഥാനം ഒഴിയുന്ന രാഹുൽ ദ്രാവിഡ്, ടി20യിൽ നിന്ന് വിരമിച്ച നായകൻ രോഹിത് ശർമ്മ, വിരാട് കോലി എന്നിവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങൾ നേർന്നു.
”പ്രിയപ്പെട്ട രോഹിത് ശർമ്മ, നിങ്ങൾ മികച്ച വ്യക്തിത്വത്തിന് ഉടമയാണ്. നിങ്ങളുടെ ആക്രമണാത്മക മനോഭാവവും ബാറ്റിംഗും നേതൃമികവും ഇന്ത്യൻ ടീമിന് പുതിയ മാനം നൽകി. രാജ്യത്തെ ജനങ്ങൾക്കിടയിൽ ടി20 ക്രിക്കറ്റ് നിങ്ങൾ നൽകിയ സംഭാവനകൾ ഓർമ്മിക്കപ്പെടും”. പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച വിരാട് കോലിയെയും പ്രധാനമന്ത്രി പ്രശംസിച്ചു. വിരാടിനോട് സംസാരിച്ചതിൽ ഞാൻ സന്തോഷവാനാണ്. ഫൈനലിലെ പ്രകടനം പോലെ ഇന്ത്യക്കായി എപ്പോഴും മികച്ച ഇന്നിംഗ്‌സ് പടുത്തുയർത്തുന്ന വ്യക്തിയാണ് കോലിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. ടി20 ക്രിക്കറ്റ് നിങ്ങളെ മിസ് ചെയ്യുമെങ്കിലും പുതിയ തലമുറയിലെ കളിക്കാരെ പ്രചോദിപ്പിക്കാൻ വിരാട് കോലിക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാഹുൽ ദ്രാവിഡിന്റെ അവിശ്വസനീയമായ പരിശീലന മികവാണ് ഇന്ത്യൻ ക്രിക്കറ്റിന് ജയം സമ്മാനിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ അചഞ്ചലമായ അർപ്പണബോധവും തന്ത്രപരമായ വീഷണങ്ങളും ടീമിന് മുതൽക്കൂട്ടായി. ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്കും തലമുറകളെ പ്രചോദിപ്പിച്ചതിനും രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ലോകകപ്പ് നേടിയതിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.