വീണ്ടും ലോകകിരീടമുയർത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ലോകക്രിക്കറ്റിന്റെ നെറുകയിൽ വീണ്ടും ത്രിവർണ്ണ പതാക പാറിപ്പറന്നു. രോഹിത്തും കൂട്ടരും രാജ്യത്തിന്റെ അഭിമാനമായി മാറിയ നിമിഷം. ത്രിവർണ്ണ പതാക വീശിയും പ്രിയതാരങ്ങൾക്ക് ആർപ്പുവിളിച്ചും മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആരാധകർ വിജയമാഘോഷിച്ചു. ഐസിസി കിരീടത്തിനായുള്ള 11 വർഷത്തെ രാജ്യത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചത് രോഹിത്തിന്റെ ക്യാപ്റ്റൻസി മികവാണ്.
വൈകാരികമായ മുഹൂർത്തത്തിലും ടി20 കിരീടനേട്ടം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചിരിക്കുകയാണ് രോഹിത് ശർമ്മ. ബാർബഡോസിലെ പിച്ചിൽ നിന്നും ഒരു തരി മണ്ണ് തിന്നായിരുന്നു രോഹിത്തിന്റെ ആഘോഷം. ഐസിസിയാണ് തങ്ങളുടെ സോഷ്യൽമീഡിയ പേജുകളിലൂടെ ഇതിന്റെ വീഡിയോ പുറത്തുവിട്ടത്. വിജയത്തിന് ശേഷം രോഹിത് അന്താരാഷ്‌ട്ര ടി 20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
ട്വന്റി 20യോട് വിടപറയാൻ ഇതിനേക്കാൾ മികച്ച സമയമില്ല. ടി20യിൽ രാജ്യത്തിനായി അരങ്ങേറിയത് മുതൽ ഫൈനൽ വരെ ആസ്വദിച്ചാണ് ഒരോ മത്സരത്തെയും നേരിട്ടത്. ലോകകപ്പ് ജയിക്കുക എന്നതായിരുന്നു തന്റെ ആഗ്രഹം. അത് സാധിച്ചിരിക്കുകയാണെന്നും രോഹിത് പറഞ്ഞു.