പാലക്കാട്: വെല്ലുവിളി നടത്തിയതിന് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ പരാജയമാണ് കെ.മുരളീധരൻ ഏറ്റുവാങ്ങിയത്. തൃശൂരിൽ ബിജെപി അക്കൗണ്ട് തുറക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ, കെ മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി വൻഭൂരിപക്ഷത്തിൽ ചരിത്ര വിജയമാണ് സുരേഷ് ഗോപിക്ക് തൃശൂർ ജനത സമ്മാനിച്ചത്. ഇപ്പോൾ വീണ്ടും വെല്ലുവിളിയുമായി രംഗത്ത് വന്നിരിക്കുകയാണ് കെ മുരളീധരൻ. ഇത്തവണ പാലക്കാടിനെ ഉയർത്തിക്കാട്ടിയാണ് ബിജെപിയെ കോൺഗ്രസ് നേതാവ് വെല്ലുവിളിച്ചിരിക്കുന്നത്.
“പാലക്കാടിനെ പറ്റി പല മിഥ്യാധാരണകളും ചില മാധ്യമങ്ങൾ വെച്ചുപുലർത്തുന്നുണ്ട്. ബിജെപിക്ക് ചാൻസ് ഉണ്ടെന്നാണ് വാർത്ത. ഞാൻ അടിവരയിട്ടു പറയുന്നു, പാലക്കാട് വിജയിക്കുന്നത് യുഡിഎഫ് ആയിരിക്കും. ബിജെപിക്ക് പാലക്കാട് നഗരസഭയിൽ മാത്രമാണ് മുൻതൂക്കം. പഞ്ചായത്തുകളിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം. തലകുത്തി നിന്നാലും ബിജെപി ഒന്നാമത് വരില്ല”.
“എഴുതി വച്ചോളൂ, റിസൾട്ട് വരുമ്പോൾ കാണാം. ഇടതുപക്ഷം മനസ്സ് വെച്ചാൽ രണ്ടാം സ്ഥാനത്ത് വരാം. ഏതു സ്ഥാനാർത്ഥി വന്നാലും യുഡിഎഫ് പാലക്കാട് തോൽക്കില്ല. പാലക്കാട് യുഡിഎഫിന്റെ ഉറച്ച സീറ്റാണ്. സിപിഎമ്മാണ് പാലക്കാട് ബിജെപി ജയിക്കുമെന്ന് പ്രചരിപ്പിക്കുന്നത്”-കെ മുരളീധരൻ പറഞ്ഞു.















