ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടികയിൽ രണ്ട് പേർ ഇടംപിടിച്ചെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇവർ ആരാണെന്ന് വെളിപ്പെടുത്താൻ ബിസിസിഐ സെക്രട്ടറി തയ്യാറായില്ല. ഗൗതം ഗംഭീറിന്റെയും മുൻ വനിതാ ടീം പരിശീലകൻ ഡബ്ല്യു വി രാമന്റെ പേരും പരിശീലക സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്. ടി20 ലോകകപ്പ് പൂർത്തിയായതോടെ പരിശീലകൻ ദ്രാവിഡിന്റെ കരാർ അവസാനിച്ചിരുന്നു.
ശ്രീലങ്കയ്‌ക്കെതിരായ പര്യടനത്തിന് മുമ്പ് പുതിയ പരിശീലകൻ ടീം ഇന്ത്യക്കൊപ്പം ചേരുമെന്നും സിംബാബ്‌വെയിലേക്ക് പോകുന്ന ടീമിനൊപ്പം വിവിഎസ് ലക്ഷ്മൺ ഉണ്ടാകുമെന്നും ജയ് ഷാ വ്യക്തമാക്കി. ”പരിശീലകന്റെയും സെലക്ടറുടേയും നിയമനം ഉടനുണ്ടാകും. ഉന്നതതല സമിതി രണ്ടുപേരുടെ അഭിമുഖം നടത്തുകയും പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. സിഎസിയുടെ തീരുമാനം എന്താണോ അതാണ് നടപ്പിലാക്കുക. സിംബാബ്‌വെയിലേക്ക് പോകുന്ന ടീമിനൊപ്പം വിവിഎസ് ലക്ഷ്മൺ ഉണ്ടാവും. എന്നാൽ ലങ്കൻ പരമ്പര മുതലാണ് പുതിയ പരിശീലകൻ ഇന്ത്യൻ ടീമിനൊപ്പം ചേരുക”. ജയ് ഷാ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു കാലഘട്ടം വന്നെങ്കിലും ചാമ്പ്യൻസ് ട്രോഫിയിൽ സീനിയേഴ്‌സ് താരങ്ങൾ ഉണ്ടാകുമെന്നും ഷാ സൂചന നൽകി. 2025ൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ചാമ്പ്യൻസ് ട്രോഫിയും നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ 13-നാണ് ബിസിസിഐ പരിശീലകർക്കായുള്ള അപേക്ഷ ക്ഷണിച്ചത്.