ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി വിനയ് ഗോവിന്ദൻ സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനാണ് ഫെയ്സ്ബുക്കിലൂടെ ഫസ്റ്റ്ലുക്ക് പങ്കുവച്ചത്. നിഖില വിമലും ഉണ്ണി മുകുന്ദനുമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്. കളിപ്പാട്ടങ്ങളുടെ ഇടയിലിരുന്ന് നായകുട്ടിയോടൊപ്പം സെൽഫി എടുക്കുന്നതാണ് ചിത്രം.
ഉണ്ണി മുകുന്ദൻ പുരുഷ ഗൈനക്കോളജിസ്റ്റിന്റെ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ത്രീ കിംഗ്സ്, റോമൻസ്, ഗുലുമാൽ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ വൈ വി രാജീവും അനൂപ് രവീന്ദ്രനുമാണ്. സ്‌കന്ദ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ഐവിഎഫ് സ്പെഷ്യലിസ്റ്റായ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന മാർഗങ്ങളുമാണ് ചിത്രം പറയുന്നത്. കിംഗ്‌സ്‌മെൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ ജലീൻ, പ്രക്ഷാലി ജെയിൻ, സജീവ് സോമൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്.