പ്രഭാസ് നായകനായെത്തിയ കൽക്കി 2898 എഡിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ആഗോളതലത്തിൽ കളക്ഷൻ റെക്കോർഡുകളിലും മുന്നേറുകയാണ്. വെറും 4 ദിവസം കൊണ്ട് 500 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. 1,000 കോടി ക്ലബ്ബിൽ ഇടംനേടുന്ന ഇന്ത്യയിലെ അടുത്ത സിനിമയായിരിക്കും കൽക്കി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിലീസ് ചെയ്ത് നാല് ദിവസം കഴിയുമ്പോഴേക്കും ഈ വർഷത്തെ ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രമായും കൽക്കി മാറി. ഹിന്ദി പതിപ്പിൽ നിന്ന് 72 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്. തെലുങ്കിൽ 126. 9 കോടിയും തമിഴിൽ നിന്നും 64 കോടിയുമാണ് കൽക്കിയുടെ കളക്ഷൻ റിപ്പോർട്ട്. ബാഹുബലിക്ക് ശേഷം രാജ്യമൊട്ടാകെ പ്രഭാസിന് ചലനം ഉണ്ടാക്കാൻ സാധിച്ച ചിത്രമെന്ന പ്രത്യേകതയും കൽക്കിക്കുണ്ട്.
തെലുങ്ക് ഇൻഡസ്ട്രിയിൽ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമയും സാങ്കേതികപരമായി ഏറെ മുന്നിട്ട് നിൽക്കുന്ന ചിത്രം കൂടിയാണ് കൽക്കി. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ വലിയ പരീക്ഷണങ്ങൾ നടത്തിയ ചിത്രം ആഗോളതലത്തിലും ശ്രദ്ധിക്കപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ പ്രഭാസ് കൂടാതെ ദീപികാ പദുക്കോൺ, കമലഹാസൻ, അമിതാഭ് ബച്ചൻ, ശോഭന തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഡിസ്റ്റോപ്പിയൻ സയൻസ് ഫിക്ഷൻ ഇതിഹാസമായി പുറത്തിറങ്ങിയ കൽക്കി 2898 എഡി ബോക്‌സ് ഓഫീസ് കണക്കുകളിൽ മാത്രമല്ല മികച്ച നിരൂപക പ്രശംസയും നേടുകയാണ്.