തുരുതുരെ ആക്രമണങ്ങൾ നടത്തിയിട്ടും ഒരു ഗോൾപോലും അടിക്കാതെ യൂറോ ക്വാർട്ടറിൽ കടന്നുകൂടി ഫ്രാൻസ്. ഓൺഗോൾ വഴങ്ങിയ ബെൽജിയം പുറത്താവുകയും ചെയ്തു. 85-ാം മിനിട്ടിലാണ് ഫ്രാൻസിന് ആശ്വാസവും ബെൽജിയത്തിന് ആഘാതവും സമ്മാനിച്ച ഗോൾ പിറന്നത്. 83-ാം മിനിട്ടിൽ ബെൽജിയത്തിന്റെ കൗണ്ടർ അറ്റാക്കിന് പിന്നാലെ ഡിബ്രുയിന്റെ വെടിയുണ്ട ഫ്രഞ്ച് ഗോളി മയ്ഗ്നൻ രക്ഷപ്പെടുത്തുന്നു.രണ്ടുമിനിട്ടിനിടെ ഫ്രഞ്ച് നിര ഒന്നാകെ ബെൽജിയൻ ബോക്സിലേക്ക് ഇരച്ചെത്തി.
85-ാം മിനിട്ടിൽ ബോക്സിൽ ലഭിച്ച പന്തിൽ കോലോ മുവാനി ഉതിർത്ത ഒരു ദുർബല ഷോട്ട് പ്രതിരോധ താരം വെർട്ടോംഗന്റെ കാലിലുരുമി ഗതിമാറി പോയതോടെ ബെൽജിയൻ ഗോളിക്ക് കാഴ്ചക്കാരനാകാനെ സാധിച്ചുള്ളു. ശേഷിച്ച മിനിട്ടുകളിൽ ഗോൾ മടക്കാനുള്ള ബെൽജിയത്തിന്റെ ശ്രമം സജീവമായിരുന്നെങ്കിലും ഉണർന്നു കളിച്ച ഫ്രഞ്ച് പ്രതിരോധം വിലങ്ങുത്തടിയായി.
അവസരങ്ങൾ തുലയ്‌ക്കാൻ ഇരുടീമുകളും മുന്നിട്ട് നിന്നതോടെ ആദ്യപകുതി ഗോൾ രഹിതമായിരുന്നു. എംബാപെയും ഗ്രീസ്മാനും വിംഗുകളിലൂടെ നാശം വിതച്ചപ്പോൾ അതിവേഗ മുന്നേറ്റങ്ങളിലൂടെ മർകസ് തുറാമും ചൗമേനിയും ഇരച്ചെത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. മാർകസ് തുറാമിന്റെ ഉഗ്രനൊരു ഹെഡ്ഡർ പുറത്ത് പോയതും മുന്നിലെത്താനുള്ള ഫ്രാൻസിന്റെ ആഗ്രങ്ങൾക്ക് വമ്പൻ തിരിച്ചടിയായി. ഡിബ്രൂയിനെയുടെ ഫ്രീകിക്ക് ഫ്രഞ്ച് ഗോളിയും രക്ഷപ്പെടുത്തിയിരുന്നു. 48-ാം മിനിറ്റില്‍ ചൗമേനിയുടെ ഷോട്ട് ബെല്‍ജിയം ഗോളി കാസ്റ്റീല്‍സ് സേവ് ചെയ്തു.