തിരുവനന്തപുരം: ദേശീയപാതയിൽ സഞ്ചരിക്കവേ സ്കൂട്ടർ താഴ്ചയിലേക്ക് പതിച്ച് യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കോവളം നെടുമം വയലിൻകര വീട്ടിൽ സിമിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സിമിയുടെ മകൾ ശിവന്യ (3), സഹോദരി സിനി (32) എന്നിവർക്ക് പരിക്കേറ്റു. ഇരുവരും ചികിത്സയിൽ തുടരുകയാണ്.
കളക്കൂട്ടം-കോവളം ബൈപാസിലെ വെൺപാലവട്ടം മേൽപ്പാലത്തിലൂടെ സഞ്ചരിക്കവേ സ്കൂട്ടർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ശിവന്യയെയും സിമിയെയും പിന്നിലിരുത്തി സിനി ആണ് സ്കൂട്ടർ ഓടിച്ചത്.
സ്കൂട്ടർ നിയന്ത്രണം വിട്ട് ബാരിയറിൽ തട്ടി നിന്നെങ്കിലും മൂവരും 20 അടിയോളം താഴെയുള്ള സർവീസ് റോഡിലേക്ക് വീണു. സിമി സർവീസ് റോഡിൽ തലയിടിച്ചാണ് വീണത്. സിമിയുടെ മുകളിലേക്ക് ശിവന്യയും വീണു. സിനി റോഡിനോട് ചേർന്നുള്ള ഓടയിലേക്കാണ് വീണത്. സമീപത്തെ ഓട്ടോ തൊഴിലാളികളാണ് മൂവരെയും ആശുപത്രിയിലെത്തിച്ചത്.