ന്യൂഡൽഹി: പാർലമെന്റിലെ നന്ദിപ്രമേയ ചർച്ചയ്‌ക്കിടെ ഹത്രാസ് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന സത് സംഗിൽ തിക്കിലും തിരക്കിലുംപെട്ട് 50 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
“ഹത്രാസിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത്‌വരുന്നുണ്ട്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു,” അദ്ദേഹം സഭയിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ അധികാരികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തങ്ങളും ഏകോപിപ്പിക്കുന്നുണ്ടെന്നും കേന്ദ്രത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാധ്യമായ മാർഗങ്ങളിലെല്ലാം അപകടത്തിൽപ്പെട്ടവർക്ക് സഹായമെത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി.
നേരത്തെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഹത്രാസ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അങ്ങേയറ്റം വേദനാജനകമായ റിപ്പോർട്ടാണ് വരുന്നതെന്നും അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















