ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ പ്രസംഗത്തിലുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി നൽകുന്നതിനിടെ പ്രതിപക്ഷത്തിന്റെ ഹിന്ദുവിരുദ്ധ പരാമർശത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുക്കൾ അക്രമാസക്തരാണെന്ന് തെറ്റിദ്ധാരണ പരത്തുന്നതിനായി ഇവിടെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും നൂറ്റാണ്ടുകളോളം അത് രാജ്യം മറക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹിന്ദുക്കളെ അക്രമാസക്തരായി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയാണ് ഇവിടെ തകർക്കപ്പെട്ടത്. കഴിഞ്ഞദിവസം പാർലമെന്റിൽ ഹിന്ദുക്കൾ അക്രമികളാണെന്ന് പരാമർശമുയർന്നു. അത് പ്രതിപക്ഷത്തിന്റെ സംസ്കാരമാണ്, നിങ്ങളുടെ സ്വഭാവമാണ്. നിങ്ങൾക്കുള്ളിലെ വിദ്വേഷമാണ്. ഹിന്ദുക്കളെ അക്രമികളായി ചിത്രീകരിച്ചത് ഈ രാജ്യം ഒരിക്കലും വിസ്മരിക്കില്ല.
ശക്തിയെ തകർക്കണമെന്ന് പ്രഖ്യാപിച്ചവരാണ് പ്രതിപക്ഷം. ഏത് ശക്തിയെ നശിപ്പിക്കണമെന്നാണ് നിങ്ങൾ പറയുന്നത്. നൂറ്റാണ്ടുകളായി ഈ രാജ്യത്തുള്ളവർ ശക്തിയെ ആരാധിക്കുന്നവരാണ്. ദുർഗാ മാതാവിനെയാണ് ബംഗാൾ ആരാധിക്കുന്നത്. ഈ ശക്തിക്കെതിരെയാണോ നിങ്ങൾ സംസാരിക്കുന്നത്. ഹിന്ദു ഭീകരതയെന്ന പദം പോലും സൃഷ്ടിക്കാൻ ശ്രമിച്ചവരാണിവർ.
ഹിന്ദുമതത്തെ ഡെങ്കിയോടും മലേറിയയോടും താരതമ്യപ്പെടുത്തിയത് അവരുടെ അനുയായികളാണ്. ഒരിക്കലും ഈ രാജ്യം അവരോട് പൊറുക്കില്ല. ആഴത്തിലുള്ള ഗൂഢാലോചന ഇവിടെ നടന്നിട്ടുണ്ട്. ഹൈന്ദവ പാരമ്പര്യങ്ങളെ മോശമായി ചിത്രീകരിക്കുന്നതും അപഹസിക്കുന്നതും ഇകഴ്‌ത്തിക്കാണിക്കുന്നതും ഒരു ഫാഷനായി മാറ്റിയിരിക്കുകയാണ്. ദൈവങ്ങളെ അധിക്ഷേപിക്കുന്ന പ്രതിപക്ഷം ഒരുകാര്യം മനസിലാക്കിക്കോളൂ. ഈ രാജ്യത്തെ 1.4 ബില്യൺ ജനങ്ങളെയാണ് നിങ്ങൾ വേദനിപ്പിക്കുന്നതെന്ന് ഓർത്തോളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.