തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് പിന്നാലെ നടി രചന നാരായണൻകുട്ടിക്കെതിരെ സൈബർ ഇടങ്ങളിൽ വ്യാപക ആക്രമണമാണ് ഉണ്ടായത്. ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്ത ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതാണ് പലരെയും ചൊടിപ്പിച്ചത്. ഹൈന്ദവ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു രചന നാരായണൻകുട്ടിക്ക് നേരെയുള്ള സൈബർ ആക്രമണം. ഈ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് താരം.
“ട്രോൾ ഒക്കെ ആര് ശ്രദ്ധിക്കുന്നു. നമുക്ക് അത് ബാധകമല്ല. ഇത് എന്റെ ജീവിതമാണ്. ഭക്തിമാർഗ്ഗം ഒന്നുമല്ല. പണ്ടും ഞാൻ ഇങ്ങനെ തന്നെയാണ്. അങ്ങനെ ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അത് വിട്ടിട്ട് വേറെ കളിയില്ല. നമ്മൾ ഓരോരുത്തരും നമ്മുടേതായ കാഴ്ചപ്പാടിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഓരോരുത്തരുടെയും വിശ്വാസം, ഇഷ്ടം. എന്തു വേണേലും പറയുന്ന ഒരു കാലമാണ്. അതൊന്നും എന്നെ ബാധിക്കാറില്ല”.
“എന്റെ വിശ്വാസത്തെ നിങ്ങൾ ചോദ്യം ചെയ്താലും ഞാൻ വിചാരിക്കേണ്ടേ ആ വിശ്വാസം മാറണമെങ്കിൽ. വേറെ ഒരാൾ വിചാരിച്ചാൽ നമ്മളെ തളർത്താൻ പറ്റില്ല, വളർത്താൻ പറ്റും. ഇത് മേക്കോവർ ഒന്നുമല്ല, തിരുപ്പതിയിൽ പോയി മൊട്ടയടിച്ചതാണ്”-രചനാ നാരായണൻകുട്ടി പറഞ്ഞു.















