ന്യൂഡൽഹി: ലോക്‌സഭയിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിപക്ഷ ബഹളത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്ത് നിന്നുണ്ടായ ഒരു പ്രതികരണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലാകുന്നത്. ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയുന്നതിനിടെയാണ് പ്രതിപക്ഷ എംപിമാർ സഭയുടെ നടുത്തളത്തിലേക്ക് ഇരച്ചെത്തുകയും, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തത്. 135 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിലുടനീളം തടസം സൃഷ്ടിക്കാനാണ് പ്രതിപക്ഷ എംപിമാർ ശ്രമിച്ചത്.
എന്നാൽ തനിക്ക് മുന്നിൽ നിന്ന് തനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന എംപിമാർക്ക് വെള്ളം നൽകുകയാണ് പ്രധാനമന്ത്രി ചെയ്തത്. ആദ്യം തനിക്ക് മുന്നിൽ നിന്നിരുന്ന കോൺഗ്രസ് എംപി മാണിക്കം ടാഗോറിന് പ്രധാനമന്ത്രി ഗ്ലാസിൽ വെള്ളം നൽകുന്നതായി വീഡിയോയിൽ കാണാം. എന്നാൽ അദ്ദേഹം ഇത് നിരസിക്കുന്നതിനൊപ്പം തന്നെ പ്രധാനമന്ത്രിക്ക് നന്ദി പറയുകയും ചെയ്യുന്നുണ്ട്.
PM Modi gave a glass of drinking water to an opposition MP who was shouting slogans against him in the well pic.twitter.com/I4tzWzcXNg
— Rishi Bagree (@rishibagree) July 2, 2024
ഉടൻ തന്നെ പ്രധാനമന്ത്രി തൊട്ടടുത്ത് നിന്ന ഹൈബി ഈഡന് വെള്ളം നൽകുന്നു. അദ്ദേഹം അത് വാങ്ങിക്കുടിക്കുകയും, ഗ്ലാസ് തിരികെ പ്രധാനമന്ത്രിക്ക് തന്നെ നൽകുകയും ചെയ്യുന്നു. ഇതിനിടെ പ്രധാനമന്ത്രിയും ഗ്ലാസിൽ നിന്ന് വെള്ളം കുടിക്കുന്നുണ്ട്. തന്റെ പ്രസംഗത്തെ മുഴുവൻ സമയവും തടസ്സപ്പെടുത്തിയ പ്രതിപക്ഷ എംപിമാർക്ക് സ്വേച്ഛാധിപതിയായ മോദി വെള്ളം നൽകുന്നു എന്ന കുറിപ്പോടെയാണ് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവല്ല ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി ആളുകളും പ്രധാനമന്ത്രിയുടെ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.















