ഗുവാഹത്തി: അസം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരാണ് വെള്ളത്തിൽ വീണ് മരിച്ചത്. 28 ജില്ലകളിലായി ഏകദേശം 11.34 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചതെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.
പ്രളയത്തിൽ 42,476.18 ഹെക്ടർ കൃഷി സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. നീമാതിഘട്ട്, തേസ്പൂർ, ഗുവാഹത്തി, ധുബ്രി എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയർന്നു. സുബാൻസിരി, ബർഹിദിൻഗ്, ദിഖൗ,ദിസാങ്, ധൻസിരി തുടങ്ങി സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. പ്രാദേശിക-ജില്ലാഭരണകൂടങ്ങൾ 489 ദുരിതാശ്വാസ ക്യാമ്പുകളും അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ഏകദേശം 2.87 ലക്ഷം ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്.
വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി ആളുകൾ ഉയർന്ന സ്ഥലങ്ങളിലും, സ്കൂളുകളിലും പാലങ്ങളിലുമൊക്കെയാണ് അഭയം പ്രാപിച്ചിരിക്കുന്നത്. പ്രാദേശിക ഭരണകൂടങ്ങളും കരസേനാ, പാരാമിലിട്ടറി വിഭാഗങ്ങളും എസ്ഡിആർഎഫും പലയിടങ്ങളിലും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 2900 പേരെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിച്ചു. ആവശ്യമായ ഭക്ഷണ സാധനങ്ങൾ രക്ഷാപ്രവർത്തകർ എത്തിച്ച് നൽകുന്നുണ്ട്.















