ആലപ്പുഴ: മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് കാരണം കലയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണെന്ന് പൊലീസ് വ്യക്തമാക്കി. ജനം ടിവിക്ക് ലഭിച്ച എഫ്‌ഐആറിന്റെ പകർപ്പിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.
കേസിൽ നാല് പേരെയാണ് പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. ജിനു, സോമൻ, പ്രമോദ് എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികൾ. 2009 ലാണ് കൊലപാതകം നടക്കുന്നത്. 27 വയസുണ്ടായിരുന്ന കലയെ ഭർത്താവ് മറ്റൊരാളുമായി വിവാഹേതരബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇവർ തമ്മിൽ ഇതുസംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും എഫ് ഐആറിൽ പറയുന്നു. പെരുമ്പുഴ പാലത്തിൽ വച്ചാണ് കൊലപാതകം നടന്നതെന്നും കലയുടെ മൃതദേഹം കൊണ്ടുപോയത് മാരുതി കാറിലാണെന്നും പൊലീസ് കണ്ടെത്തി.
അനിലിന്റെ വീടിനോടുചേർന്ന സെപ്റ്റിക് ടാങ്കിൽ മൃതദേഹം മറവ് ചെയ്ത് തെളിവുകൾ നശിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്. നാല് പ്രതികൾക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് സൂചന. പൊലീസ് ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. 302, 201,34 എന്നീ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെത്തിയിരുന്നു.















