കോപ്പ അമേരിക്കയിൽ ബ്രസീൽ-കൊളംബിയ മത്സരം സമനിലയിൽ. ഇരുടീമുകളും നിശ്ചിത സമയത്ത് ഒരു ഗോൾ വീതമാണ് അടിച്ചത്. ബ്രസീലിനായി റാഫീഞ്ഞോ 12-ാം മിനിറ്റിൽ വലകുലുക്കിയപ്പോൾ, ആദ്യപകുതിയുടെ അധികസമയത്തിന്റെ രണ്ടാം മിനിറ്റിൽ (45+2) ഡാനിയൽ മുനോസിന്റെ ഗോളിലൂടെയാണ് കൊളംബിയ സമനില പിടിച്ചത്. സമനിലയോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ബ്രസീൽ ക്വാർട്ടറിന് യോഗ്യത നേടി. ക്വാർട്ടറിൽ കൊളംബിയ പനാമയെയും ബ്രസീൽ യുറുഗ്വായെയും നേരിടും.
ഫ്രീകിക്കിലൂടെയായിരുന്നു റാഫീഞ്ഞോയുടെ ഗോൾ. മത്സരത്തിൽ ബ്രസീൽ മുന്നിലെത്തിയതോടെ കൊളംബിയ പ്രത്യാക്രമണത്തിലേക്ക് കടന്നു. മഞ്ഞപ്പടയുടെ പ്രതിരോധത്തെ മറികടന്ന് കൊളംബിയൻ മുന്നേറ്റനിര ഷോട്ടുകളുമായി കളം നിറഞ്ഞു. ബ്രസീലിയൻ പ്രതിരോധത്തെ കൊളംബിയക്കാർ നിരന്തരം പരീക്ഷിച്ചു. 19-ാം മിനിറ്റിൽ ജെയിംസ് റോഡ്രിഗ്രസിന്റെ ഫ്രീകിക്കിനെ ഹെഡ്ഡറിലൂടെ സാഞ്ചസ് വലക്കുള്ളിലാക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡാണെന്ന് കണ്ടതോടെ ഗോൾ നിഷേധിച്ചു.
വിനീഷ്യസിനെ ബോക്‌സിൽ വീഴ്‌ത്തിയതിന് 43-ാം മിനിറ്റിൽ പെനാൽറ്റിക്കായി ബ്രസീൽ താരങ്ങൾ വാദിച്ചെങ്കിലും റഫറി പെനാൽറ്റി നിഷേധിച്ചു. ബ്രസീലിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഡാനിയൽ മുനോസ് ആദ്യ പകുതിയുടെ അധികസമയത്ത് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഇരുടീമും മത്സരിച്ച് മുന്നേറിയെങ്കിലും ഗോൾ പിറന്നില്ല.















