തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന കലാ- കായിക മേളകളിൽ പരിഷ്‌കാരങ്ങൾ വരുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇനി മുതൽ സ്‌കൂൾ ഒളിമ്പിക്‌സ് എന്ന പേരിലും വിപുലമായി പരിപാടികൾ നാല് വർഷം കൂടുമ്പോൾ നടത്തുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. എല്ലാ വർഷവും കായികമേള നടത്തും. ഇതിന് പുറമെയാണ് നാല് വർഷത്തിലൊരിക്കൽ സ്‌കൂൾ ഒളിമ്പിക്‌സ് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂൾ കലാ-കായിക മേളകളിൽ വരുത്തിയ പരിഷ്‌കാരങ്ങൾ അറിയിക്കുന്നതിനായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
” ഇത്തവണ സ്‌കൂൾ ഒളിമ്പിക്‌സും, കായിക മേളയും ഒരുമിച്ച് നടത്തും. ഒക്ടോബർ 18,19,20,21,22 തീയതികളിലാണ് സംസ്ഥാന സ്‌കൂൾ കായികമേളകൾ സംഘടിപ്പിക്കുന്നത്. ഡിസംബർ മാസം തിരുവനന്തപുരത്ത് സംസ്ഥാന കലോത്സവവും നടക്കും. ഇത്തവണത്തെ സംസ്ഥാന കലോത്സവത്തിൽ ഒരു തദ്ദേശീയ കലാരൂപം കൂടി ( ഗോത്ര വർഗ കലാരൂപം) ഉൾപ്പെടുത്തും. കലോത്സവത്തിന്റെ തീയതി പിന്നീട് അറിയിക്കുന്നതാണ്. ആദ്യത്തെ സ്‌കൂൾ ഒളിമ്പിക്‌സ് എന്ന നിലയിലാണ് ഇത്തവണത്തെ കായികമേള സംഘടിപ്പിക്കുന്നത്.”- വി. ശിവൻകുട്ടി പറഞ്ഞു.
അക്കാദമിക് വർഷത്തെ സംബന്ധിച്ചുള്ള പരിഷ്‌കാരങ്ങളും മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. അംഗീകാരം ലഭിക്കാത്ത അദ്ധ്യാപക നിയമനമടക്കമുള്ള ഫയലുകളിൽ തീർപ്പ് കൽപ്പിക്കാൻ അദാലത്തുകൾ നടത്തും. ഹയർ സെക്കൻഡറികളിൽ പാഠ്യപദ്ധതി പരിഷ്‌കരണം ഈ മാസം മുതൽ ആരംഭിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.