പച്ചക്കറികൾ അമിതമായി വേവിക്കരുതെന്ന് പലരും പറയുന്നത് നാം കേട്ടിരിക്കും. എന്നാൽ ചില പച്ചക്കറികൾ നന്നായി വേവിച്ചു കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ദഹനം മെച്ചപ്പെടുന്നതിനും പച്ചക്കറികളിലെ പോഷകഗുണങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിനും ഈ പച്ചക്കറികൾ നന്നായി വേവിച്ചു കഴിക്കാം..
കാരറ്റ്

വെറുതെ കഴിക്കാനും ജ്യൂസായി കുടിക്കാനുമൊക്കെ പലരും ഇഷ്ടപ്പെടുന്ന പച്ചക്കറികളുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് കാരറ്റിന്റെ സ്ഥാനം. എന്നാൽ നന്നായി വേവിച്ചു കഴിക്കേണ്ട പച്ചക്കറികളുടെ കൂട്ടത്തിലും കാരറ്റിന്റെ സ്ഥാനം മുൻനിരയിൽ തന്നെയാണുള്ളത്. കട്ടിയുള്ള കോശഭിത്തികളാണ് കാരറ്റിലുള്ളത്. നന്നായി വേവിക്കുമ്പോൾ ഇവയുടെ കോശഭിത്തി തകർന്ന് ഇതിലെ പോഷകഘടകങ്ങൾ കറികളിലേക്ക് ആഗിരണം ചെയ്യുന്നു. ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ തുടങ്ങിയ പോഷകഘടങ്ങളാണ് കാരറ്റിൽ അടങ്ങിയിരിക്കുന്നത്. വേവിച്ച ശേഷം ഇത് കഴിക്കുമ്പോൾ പോഷകഘടകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
ചീര

ചീരയിലടങ്ങിയിരിക്കുന്ന ഓക്സാലിക് ആസിഡിന്റെ കാഠിന്യം കുറയ്‌ക്കാൻ ചീര വേവിച്ച് കഴിക്കാം. ഇതിൽ കാത്സ്യവും, ഇരുമ്പും ധാരാളം അടങ്ങിയിരിക്കുന്നു. എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാനും വിളർച്ച തടയുന്നതിനും ഉത്തമമാണ് ചീര.
ബ്രോക്കോളി

നന്നായി വേവിച്ച ശേഷം കഴിക്കേണ്ട ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ചിലരെങ്കിലും ഭക്ഷണത്തിനൊപ്പം പാകം ചെയ്യാത്ത ബ്രോക്കോളികൾ കഴിക്കാറുണ്ട്. എന്നാൽ ഇത് ശരീരത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ബ്രോക്കോളിയിൽ വിവിധതരം ബാക്ടീരിയകൾ അടങ്ങിയിരിക്കാം. വേവിക്കുമ്പോൾ ഇവ നശിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയാണ് ബ്രോക്കോളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, എല്ലുകൾക്ക് ബലം നൽകുന്നതിനും, ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ബ്രോക്കോളി വേവിച്ച് കഴിക്കാം.
ബീറ്റ്റൂട്ട്

കാരറ്റ് പോലെ നന്നായി വേവിച്ചു കഴിക്കേണ്ട പച്ചക്കറികളിലൊന്നാണ് ബീറ്റ്റൂട്ട്. രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും ബീറ്റ്റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
മധുരക്കിഴങ്ങ്

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും, പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനും, ചർമ്മത്തിന്റെ ആരോഗ്യത്തിനും മധുരക്കിഴങ്ങ് വേവിച്ചു കഴിക്കുന്നത് നല്ലതാണ്. വേവിക്കുമ്പോൾ ഇതിലെ ബീറ്റാ കരോട്ടിൻ കൂടുതൽ ആഗിരണം ചെയ്യപ്പെടുന്നു.















